വെട്ടിയാർ സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണത്തിൽ അപാകതയെന്ന് വ്യാപക പരാതി
text_fieldsനിർമാണം അവസാന ഘട്ടത്തിലെത്തിയ വെട്ടിയാർ
സ്മാർട്ട് വില്ലേജ് ഓഫീസ്
മാവേലിക്കര: അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന വെട്ടിയാർ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന പരാതി വ്യാപകമായി. 44 ലക്ഷം രൂപ വിനിയോഗിച്ച് നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണത്തിന്റെ ചുമതല നിർമിതി കേന്ദ്രത്തിനാണ്.
ഇരുനില കെട്ടിടം ഒരു സർക്കാർ ഓഫിസിന്റെ മാതൃകയിലല്ല നിർമിച്ചിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഫയലുകളും മറ്റ് രേഖകളും സൂക്ഷിക്കാൻ ഉദ്ദേശിക്കുന്ന മുകൾ നിലയിലെ മുറികളുടെ വാതിലുകൾക്ക് മതിയായ സുരക്ഷിതത്വം ഇല്ലെന്നും പരാതിയുണ്ട്. വില്ലേജ് ഓഫിസർക്ക് താഴത്തെ നിലയിലാണ് മുറി നിർമിച്ചിരിക്കുന്നത്. ബാക്കി ഉദ്യോഗസ്ഥർക്ക് മുകളിലത്തെ നിലയിലെ മുറികളിലാണ് വിവധ ഓഫിസുകൾ ക്രമീകരിച്ചിട്ടുള്ളത്.
പലവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസിൽ എത്തുന്ന പ്രായമായവരെ ഇത് ദുരിതത്തിലാക്കും. ബലവത്തായ വാതിലുകൾ നിർമിക്കണമെന്നും ആവശ്യമുണ്ട്. നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി അപാകതകൾ ചൂണ്ടിക്കാട്ടിയിട്ടും പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വ്യാപക പരാതിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് നിർമിതി കേന്ദ്രം എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പുതിയ കെട്ടിടത്തിന്റെ പിൻഭാഗത്ത് അപകട ഭീഷണി ഉയർത്തി കൂറ്റൻ മരവുമുണ്ട്. പഴയ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ കാലപ്പഴക്കം ചെന്ന ചുറ്റുമതിൽ തന്നെ അറ്റകുറ്റപ്പണി ചെയ്ത് നിലനിർത്തുന്നതിലും പ്രതിഷേധം ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

