കുട്ടനാട്ടിലെ വോട്ട് ആര് കൊയ്യും?
text_fieldsകൈനകരി കളങ്ങരയിൽ വോട്ടുതേടുന്നതിനിടെ എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് കെ. തോമസിന്റെ തലയിൽ കൈവെച്ച് ആശീർവദിക്കുന്ന വയോധിക
ആലപ്പുഴ: തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ആത്മവിശ്വാസം കൂട്ടാൻ എ.സി റോഡ് ‘വികസനം’ തന്നെ മതിയെന്നാണ് എൽ.ഡി.എഫ് പ്രചാരണം. കഴിഞ്ഞ 10 വർഷം ഒരേ സർക്കാർ നാട് ഭരിച്ചിട്ടും തങ്ങളുടെ കണ്ണീരുകണ്ടില്ലെന്ന വികാരമാണ് കുട്ടനാട്ടുകാർ പങ്കുവെക്കുന്നത്. അതിൽ പ്രധാനം ‘കുടിവെള്ളം’ തന്നെയാണ്. ശുദ്ധജലത്തിനായി അവർ മുറവിളികൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും വേനൽകാലത്ത് തെളിനീരിനായി പരക്കംപായണം. മഹാപ്രളയം കാർന്നുനിന്ന പ്രദേശത്തെ തിരിച്ചുപിടിച്ചത് കുട്ടനാട്ടുകാരുെട മനോധൈര്യംകൊണ്ട് മാത്രമാണ്.
പ്രളയത്തെ അതിജീവിക്കാൻ 24 കിലോമീറ്റർ ദൈർഘ്യത്തിൽ നവീകരിച്ച ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സർക്കാറിന്റെ അഭിമാനപദ്ധതിയാണ്. എന്നാൽ, കർഷകരടക്കമുള്ളവരുടെ ജീവിതപ്രശ്നങ്ങൾക്ക് നേരെ സർക്കാർ മുഖംതിരിച്ചുവെന്ന പരാതിയുണ്ട്. കൊയ്ത്തുകാലത്ത് ഉയരുന്ന നിലവിളിയാണ് അതിൽ പ്രധാനം. മഴ ശക്തമായാൽ കാര്യങ്ങളെല്ലാം കൈവിട്ടുപോകും. മടവീഴ്ചയിൽ കർഷകന്റെ സ്വപ്നം ഒലിച്ചുപോവുകയാണ് പതിവ്. പുറംബണ്ട് സംവിധാനത്തിന് ശാസ്ത്രീയമായ പദ്ധതികളില്ലാത്തതാണ് പ്രശ്നം.
ജീവിതപ്രശ്നങ്ങളിലേക്ക് വിരൽചൂണ്ടുമ്പോൾ പോരിനിറങ്ങുന്നത് മൂന്ന് മുന്നണികളുടെയും ഘടകക്ഷികൾ തന്നെയാണ്. എൻ.സി.പിയുടെ ജില്ലയിലെ ഏക സിറ്റിങ് സീറ്റിൽ രണ്ടാംമൂഴം എൽ.ഡി.എഫിനായി മത്സരിക്കുന്നത് തോമസ് കെ. തോമസാണ്. പ്രമുഖ വ്യവസായിയും കേരള കോൺഗ്രസ്-ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് സന്തോഷ് ശാന്തിയാണ് എൻ.ഡി.എ സാരഥി. കോൺഗ്രസ് വിമതൻ പത്രിക പിൻവലിച്ച് അവസാന നിമിഷം കൂടെകൂടിയത് യു.ഡി.എഫിന് ആശ്വാസമാണ്. എന്നാൽ, കോൺഗ്രസിലെ ഒരുവിഭാഗത്തിന് ഇപ്പോഴും അതൃപ്തിയുണ്ട്. ഇടതുമുന്നണിയിലും തർക്കങ്ങളും പടലപ്പിണക്കവുമുണ്ട്. സി.പി.എം-സി.പി.ഐ പോരാണ് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കി യു.ഡി.എഫ് കരുത്തുകാട്ടാൻ ഇത് സഹായകരമായി. വോട്ടുകണക്കിൽ എൽ.ഡി.എഫാണ് മുന്നിൽ.
തോമസ് കെ. തോമസ് (എൽ.ഡി.എഫ്)
ഇത് രണ്ടാമങ്കം. എൻ.സി.പി സംസ്ഥാന പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവും പാർലമെന്ററി പാർട്ടി നേതാവുമാണ്. കുവൈത്ത് കേരള സ്പോർട്സ് ക്ലബ് പ്രസിഡന്റ്, പ്രവാസി പരാതി പരിഹാര സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്. ചേന്നങ്കരി വെട്ടിക്കാട് കളത്തിൽ പറമ്പിൽ വി.സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: കോട്ടയം നന്ത്യാട്ട് കുടുംബാംഗം ഷേർലി തോമസ് (കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അഡ്മിനിസ്ട്രേറ്റർ). മക്കൾ: ഡോ. ടിറ്റു കെ. തോമസ്, ഡോ. ടീന കെ. തോമസ് (ഇരുവരും കുവൈത്ത് ജാബർ അൽ അഹമ്മദ് അൽ സബാഹ് ആശുപത്രി), ടിന്റു കെ. തോമസ് (കൺസൾട്ടന്റ്, കുവൈത്ത്).
റെജി ചെറിയാൻ (യു.ഡി.എഫ്)
പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ്. കേരള കോൺഗ്രസ്-സംസ്ഥാന വൈസ് ചെയർമാനാണ്. എൻജിനീയറിങ് രംഗത്ത് മൂന്നര പതിറ്റാണ്ട് പ്രവർത്തനപരിചയം. ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ വിജയഗാഥ രചിച്ചിട്ടുണ്ട്. ആർ.സി ഗ്രൂപ് ഓഫ് കമ്പനീസ് (യു.എ.ഇ) ചെയർമാനാണ്. ഭാര്യ: മേരിക്കുട്ടി. മക്കൾ: റിച്ചു റെജി, റിതു റെജി.
‘‘അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളത്തിനും സഞ്ചാരയോഗ്യമായ റോഡിനും വേണ്ടി ജനം കേഴുന്ന ഗതികേടിന്റെ അവസ്ഥ മാറിയേ മതിയാകൂ. കുട്ടനാടിന്റെ നല്ല നാളേക്കായുള്ള പോരാട്ടമാണിത്’’ -റെജി ചെറിയാൻ.
‘‘ചെയ്യാൻ കഴിയുന്നതേ പറയൂ, പറഞ്ഞത് ചെയ്യും എന്നതാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രത്യേകത. കുട്ടനാട്ടിൽ അഞ്ചുവർഷം മുമ്പ് പ്രകടന പത്രികയിൽ പറഞ്ഞതിലധികം ചെയ്യാനായി’’ -തോമസ് കെ. തോമസ്
സന്തോഷ് ശാന്തി (എൻ.ഡി.എ)
കന്നിയങ്കം. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റും വൈദിക യോഗത്തിന്റെ സംസ്ഥാന സെക്രട്ടറിയുമാണ്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും എസ്.എൻ.ഡി.പി കുട്ടനാട് യൂനിയൻ കൺവീനറും തിരുവല്ല യൂനിയൻ അഡ്മിനിസ്ട്രേറ്ററുമാണ്. എസ്.എൻ.ഡി.പി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്നു. ഭാര്യ: മഞ്ജു. മക്കൾ: അഭിനവ്, അഭിനന്ദ.
‘‘കുട്ടനാടൻ ജനതയുടെ ആത്മാഭിമാനത്തെ പണാധിപത്യംകൊണ്ട് ചോദ്യം ചെയ്യരുത്’’ -സന്തോഷ് ശാന്തി
2021 നിയമസഭ
- തോമസ് കെ. തോമസ് (എൽ.ഡി.എഫ്)-57,379
- ജേക്കബ് എബ്രഹാം (യു.ഡി.എഫ്)-51,863
- തമ്പിമേട്ടുത്തറ (എൻ.ഡി.എ)-14,946
- ഭൂരിപക്ഷം: 5,516
2024 ലോക്സഭ
- കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്)-45,736
- സി.എ. അരുൺകുമാർ (എൽ.ഡി.എഫ്)-44,865
- ബൈജു കലാശാല (എൻ.ഡി.എ)-15,553
- ഭൂരിപക്ഷം: 871
2025 തദ്ദേശം
- എൽ.ഡി.എഫ്-46,456
- യു.ഡി.എഫ്-45,953
- എൻ.ഡി.എ-22,097
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

