Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എമ്മിനുള്ളിലെ...

സി.പി.എമ്മിനുള്ളിലെ മിർജാഫർ ആര്? ഏരിയ കമ്മിറ്റി മുൻ അംഗത്തിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു

text_fields
bookmark_border
സി.പി.എമ്മിനുള്ളിലെ മിർജാഫർ ആര്? ഏരിയ കമ്മിറ്റി മുൻ അംഗത്തിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു
cancel

കായംകുളം: പാർട്ടിയെ ശത്രുപക്ഷത്തിന് ഒറ്റുകൊടുക്കുന്ന മിർജാഫർമാർ സി.പി.എമ്മിനുള്ളിൽ പിടിമുറുക്കിയെന്ന മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ തുറന്നെഴുത്ത് ചർച്ചയാകുന്നു. അച്ചടക്ക നടപടിക്ക് വിധേയനായി ഏറെക്കാലം പാർട്ടിക്ക് പുറത്ത് നിൽക്കേണ്ടിവന്ന ബി. ജയചന്ദ്രനാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. നടപടിക്ക് വിധേയനായി പുറത്തായ തന്നെ പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും അഭിപ്രായം പറയാൻ ഘടകം ഇല്ലാത്തതാണ് ഇദ്ദേഹത്തിന്‍റെ തുറന്നെഴുത്തിന് കാരണമായതെന്ന് പറയുന്നു. മിർജാഫർമാരുടെ ചതി കാരണമാണ് തനിക്ക് പുറത്തേക്ക് പോകേണ്ടി വന്നതെന്നാണ് പരോക്ഷമായി അദ്ദേഹം പങ്കുവെക്കുന്നത്. ഇത്തരക്കാർ ഇപ്പോഴും നേതൃനിരയിലിരുന്ന് പാർട്ടിയെ ചതിക്കുകയാണോയെന്ന സംശയവും ഉയർത്തിയതോടെ ചർച്ച സജീവമായിരിക്കുകയാണ്.

ദേശീയപാതയോട് ചേർന്ന് കരിയിലക്കുളങ്ങരയിലെ തണ്ണീർത്തടം നികത്താനുള്ള നീക്കത്തെ എതിർത്തതാണ് തന്നെ വേട്ടയാടാൻ കാരണമെന്നാണ് ജയചന്ദ്രൻ പറയുന്നത്. 2015 ൽ നടന്ന നികത്തൽ ശ്രമം ഏറെ വിവാദമായിരുന്നു. നിലത്തിന് ചുറ്റുമതിൽ സ്ഥാപിച്ചത് പഞ്ചായത്ത് നേതൃത്വത്തിൽ പൊളിച്ചു മാറ്റിയിരുന്നു. പാർട്ടിയുടെയും കെ.എസ്.കെ.ടി.യുവിന്‍റെയും കമ്മിറ്റികളാണ് നികത്തൽ അനുവദിക്കരുതെന്ന് തീരുമാനിച്ചത്.

ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ പാർട്ടി തീരുമാനപ്രകാരമുള്ള നിലപാടായിരുന്നു അന്ന് താൻ സ്വീകരിച്ചതെന്ന് ജയചന്ദ്രൻ പറയുന്നു. ഇതോടെ ഇടനിലക്കാർ മുഖാന്തരം വാഗ്ദാനങ്ങളുമായി എത്തിയെങ്കിലും അംഗീകരിച്ചില്ല. നികത്തലിന് കൂട്ടുനിന്നാൽ 10 ലക്ഷം രൂപയും പാർട്ടി ഓഫിസിനായി അഞ്ച് സെൻറ് സ്ഥലവും കെട്ടിടവും നിർമിച്ചു നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിനു വഴങ്ങാതെ പാർട്ടി നിലപാടിനൊപ്പം നിന്നതാണ് പുറത്താകാൻ കാരണം. എന്നാൽ, വിഷയത്തിൽ പിന്നീട് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സമീപനം ഒരു വിഭാഗം സ്വീകരിക്കുകയായിരുന്നു.

പാർട്ടിക്കുള്ളിലെ മിർജാഫർമാരാണ് ഇതിന് ചരട് വലിച്ചത്. ചതിയും കുതികാൽവെട്ടും പത്തിയൂരിലെ പാർട്ടിയുടെ അടിത്തറതോണ്ടുന്ന രീതിയിലേക്ക് എത്തിച്ചതിന് പിന്നിൽ ചില നേതാക്കൾക്ക് പങ്കുണ്ട്. പാർട്ടിയിൽ നിന്ന് അകലം പാലിക്കുന്നവരെ തിരികെ കൊണ്ടുവരാൻ നടപടികളില്ല. അനർഹമായ പരിഗണന പലർക്കും നൽകി. ഇത് ഉന്നത ഘടകങ്ങളിൽ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വർധിക്കുന്നതിന് കാരണമായി. രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങളും ഒരു ലോക്കൽ കമ്മിറ്റി അംഗവും അടുത്തിടെ ബി.ജെ.പിയിൽ ചേർന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തിയൂരിൽ അയ്യായിരത്തോളം വോട്ട് നേടിയ ബി.ജെ.പിയുടെ വോട്ട് നില 2024ൽ എണ്ണായിരത്തോളമായി ഉയർന്നു. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പത്തിയൂരിൽ ഏറ്റവും വലിയ പാർട്ടിയായി മാറി. ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിന്ന പത്തിയൂരിലെ ജനമനസ്സിൽ ഇത്തരമൊരു മാറ്റം സംഭവിച്ചതിന്റെ കാരണം ശരിയായ നിലയിൽ പരിശോധിക്കാൻ നേതൃത്വം തയാറാകുന്നില്ല.

പാർട്ടി അടിത്തറയിൽ സംഭവിച്ച വിള്ളലുകൾ സംബന്ധിച്ച് ശരിയായ പരിശോധനകൾ നടത്തി തിരുത്തലുകൾ ഉണ്ടാകുന്നില്ല. ഈ സന്ദർഭത്തിലാണ് ഞാൻ മിർജാഫറിനെ ഓർക്കുന്നതെന്നാണ് കുറിപ്പ്. അധികാര മോഹവും ഭയവും വ്യക്തിപരമായ കണക്കുകൂട്ടലുകളുമായിരുന്നു മിർജാഫറിന് ഉണ്ടായിരുന്നത്. ഇതേ സാഹചര്യമാണ് കായംകുളത്തെ പാർട്ടിക്കുള്ളിലും നിലനിൽക്കുന്നത്.

പഴയ സംഭവങ്ങളുടെ ഓർമപ്പെടുത്തലുകൾ തുടങ്ങി പുതിയ കാലത്തെ പ്രശ്നങ്ങളിൽ എത്തിക്കുന്ന തരത്തിലാണ് ഫേസ്ബുക്കിൽ ജയചന്ദ്രൻ കുറിപ്പ് എഴുതിയത്. സംഘടനക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയും താൻപോരിമയും പാർട്ടിയെ നശിപ്പിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ കുറിപ്പിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ സജീവ ചർച്ചയായി മാറുകയാണ്. നിലം നികത്താൻ ലക്ഷ്യമിട്ടവരുടെ സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതലയിൽ ചില പാർട്ടി നേതാക്കൾ ഉണ്ടെന്നതും വിവാദങ്ങൾ കൊഴുക്കാൻ കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open letterAlappuzha NewsCPM area committee memberCPM
News Summary - Who is Mirjafar within the CPM? The open letter of the former area committee member is being discussed
Next Story