നഗരത്തിൽ ‘വെള്ളക്കെട്ട്’ ദുരിതം; കരകയറാതെ 20 കുടുംബങ്ങൾ
text_fieldsആലപ്പുഴ: നഗരഹൃദയത്തിൽ വില്ലനായി വെള്ളക്കെട്ട്. 20ലധികം കുടുംബങ്ങൾ ദുരിതത്തിൽ. പ്രശ്നപരിഹാരം തേടി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല. പഴയനഗരസഭ ഓഫിസിന് പിന്നിലായി മുനിസിപ്പൽ വാർഡിലെ കുടുംബങ്ങൾക്കാണ് ഈ ദുരവസ്ഥ. സമീപത്തായി തോടുണ്ടെങ്കിലും മഴക്കാലത്തെ പെയ്ത്തുവെള്ളം ഒഴുകിപ്പോകാൻ ക്രമീകരണമില്ലാത്തതാണ് പ്രശ്നം. മഴ കനത്താൽ ദുരിതം പിന്നെയും ഇരട്ടിയാകും. വീട്ടിലേക്ക് പോകുന്ന റോഡിൽ മുട്ടോളം വെള്ളമുണ്ട്.
ഒരുവിധത്തിൽ ഇത് കടന്നെത്തിയാൽ കാണുന്നത് രൂക്ഷമായ വെള്ളക്കെട്ടാണ്. വീടും പരിസരവും പറമ്പുമെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണിവർ. പ്രാഥമികകാര്യങ്ങൾപോലും നിർവഹിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. വെള്ളംകയറിയ വീടുകളിൽ ഭക്ഷണംപോലും പാചകം ചെയ്യാനാവാത്ത സ്ഥിതി.
രണ്ടാഴ്ച മുമ്പ് മഴ ശക്തിപ്രാപിച്ചതോടെയാണ് ഒഴുകിയെത്തിയ വെള്ളം പ്രധാനപാതയുമായി ബന്ധിപ്പിക്കുന്ന ഇടറോഡിലേക്കും വീടുകളിലേക്കും ഇരച്ചുകയറിയത്. അന്ന് രൂപപ്പെട്ട വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. സമീപത്തായി ഷഡാമണി തോട് ഉണ്ടെങ്കിലും വെള്ളമൊഴുകാൻ സംവിധാനമില്ല. തോട് കൈയേറ്റവും മാലിന്യം നിറഞ്ഞ് തോട്ടിലെ ഒഴുക്ക് നിലച്ചതുമാണ് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഇരുചക്രവാഹനങ്ങളടക്കം സഞ്ചരിക്കാൻ കഴിയാത്തവിധമാണ് ജലനിരപ്പ്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ ആലപ്പുഴ കലക്ടറേറ്റിൽ പരാതി നൽകിയതിന് പിന്നാലെ വില്ലേജ് ഓഫിസർ എത്തി പരിശോധിച്ചെങ്കിലും ‘വെള്ളക്കെട്ട്’ ഒഴിവാക്കാൻ നടപടിയുണ്ടായില്ലെന്ന് പുതുക്കാട്ടുശ്ശേരി ജോയി പറഞ്ഞു. ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുശല്യവും എലിപ്പനി ഭീതിയുമുണ്ട്.
കുട്ടനാട്ടിലെ ഗ്രാമീണറോഡുകൾ വെള്ളത്തിൽ
ആലപ്പുഴ: മഴക്ക് നേരിയശമനമുണ്ടായെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവിൽ കുട്ടനാട്ടിലെ ഗ്രാമീണറോഡുകൾ വെള്ളത്തിൽ മുങ്ങി. പാടശേഖരങ്ങൾക്ക് സമീപം താമസിക്കുന്ന നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്. ചമ്പക്കുളം, കിടങ്ങറ മേഖലകൾ ഒഴിച്ച് ബാക്കിയെല്ലായിടത്തും ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്.
ചക്കുളത്തുകാവ്-മുട്ടാർ-കിടങ്ങറ റോഡിൽ വെള്ളംകയറിതോടെ എടത്വ ഡിപ്പോയിൽനിന്ന് മുട്ടാർ, തായങ്കേരി, കളങ്ങര റൂട്ടിലേക്കുള്ള സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തിവെച്ചു. കടൽവേലിയേറ്റത്തിനൊപ്പം രാത്രിയിൽ പലയിടത്തും ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

