ജനറൽ ആശുപത്രിയിലെ ജലക്ഷാമം; ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി
text_fieldsആലപ്പുഴ: ജനറൽ ആശുപത്രിയിൽ വെള്ളംമുടങ്ങിയതിനെതിരെ പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ ഭരണപക്ഷ കൗൺസിലർമാരുമായി വാക്കുതർക്കം. ആശുപത്രിയിലെ ശൗചാലയങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്തതിൽ നടപടി സ്വീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ 11.30നാണ് സംഭവങ്ങൾക്ക് തുടക്കം. ഇവരുടെ നേതൃത്വത്തിൽ നഗരസഭാധ്യക്ഷ മോളി ജേക്കബിനെ ചേംബറിൽ ഉപരോധിച്ചു. ആശുപത്രി വികസന സമിതി വിളിച്ചുചേർക്കുമെന്ന എൽ.ഡി.എഫ് ആവശ്യം നഗരസഭാധ്യക്ഷ അംഗീകരിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഉപരോധം അവസാനിച്ചത്.
ഇതിനിടെ ഉപരോധത്തെ ഭരണപക്ഷ കൗൺസിർമാർ ചോദ്യംചെയ്തത് വലിയ വാക്കുതർക്കത്തിനും ഉന്തുംതള്ളിനും കൈയങ്കളിക്കും ഇടയാക്കി. എൽ.ഡി.എഫ്.പാർലമെന്ററി പാർട്ടി നേതാവ് വി.ജി.വിഷ്ണു, എൽ. മായ, എ. ഷാനവാസ് എന്നിവരും ഭരണപക്ഷത്തെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ആർ.ആർ. ജോഷിരാജ്, കൗൺസിലർമാരായ ആർ. അംജിത്കുമാർ, കെ. നൂറുദ്ദീൻകോയ എന്നിവരുമായായിരുന്നു തർക്കം. ഇതിനിടെ മോഷണം നടത്തിയവരെ തനിക്കറിയാമെന്നും പ്രതിപക്ഷം നാടകം നടത്തുകയാണെന്നുമുള്ള മോളി ജേക്കബിന്റെ പരാമർശവും വലിയ ബഹളമുണ്ടാക്കി. ആശുപത്രിൽ മോഷണമുണ്ടായത് ഭരണപക്ഷം ആശുപത്രിഭരണത്തിൽ കാര്യമായി ഇടപെടാത്തതിനാലാണെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ കുറ്റപ്പെടുത്തി. ആശുപത്രി പരിസരത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിച്ച് ജനങ്ങളുടെയടക്കം സുരക്ഷ ഉറപ്പാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ബുധനാഴ്ച ജനറൽ ആശുപത്രിയിലെ മോട്ടോർ പമ്പിന്റെ ചെമ്പുകമ്പിയും വാൽവും മോഷണംപോയതാണ് കുടിവെള്ളവിതരണം തടസ്സപ്പെടുത്തിയത്. രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റാതെ വലഞ്ഞതിന് പിന്നാലെ ടാങ്കർലോറിയിൽ വെള്ളമെത്തിച്ചാണ് താൽകാലിക പരിഹാരം കണ്ടത്.
മോട്ടോർ പമ്പിന്റെ ഭാഗങ്ങൾ മോഷണംപോയതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇത് പരിഹരിക്കാൻ പകരം സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉറപ്പുനൽകിയതോടെയാണ് ഉച്ചക്ക് 12.45ന് സമരം അവസാനിച്ചത്. നഗരസഭ അങ്കണത്തിൽ ചേർന്ന പ്രതിഷേധ യോഗം എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി വി. ജി വിഷ്ണു ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എം.ജി. സതീദേവി, രശ്മി സനൽ, എസ്. ഫൈസൽ, എല്. മായാ രാജേന്ദ്രൻ, ജി. ശ്രീജിത്ത്, എ.എസ് കവിത,ഒ.പി ഷാജി, എ. ഷാനവാസ്, ആർ. രാജേഷ് കുറുപ്പ് എന്നിവർ നേതൃത്വം നൽകി.
ആശുപത്രി വികസനസമിതി ഉടൻ -മോളി ജേക്കബ്
ആലപ്പുഴ: ജനറൽ ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എം.എൽ.എമാരെയും എം.പിയെയും പങ്കെടുപ്പിച്ച് അടുത്തദിവസം ആശുപത്രി വികസന സമിതി ചേരുമെന്ന് നഗരസഭാധ്യക്ഷ മോളി ജേക്കബ്. ശുദ്ധജലപ്രശ്നം പരിഹരിച്ചതിനുശേഷമാണ് രാഷ്ട്രീയ പ്രരിതമായി പ്രതിപക്ഷത്തിന്റെ സമരമുണ്ടായത്. മോഷണവിവരം അറിഞ്ഞപ്പോൾ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ അടിയന്തര ഇടപെടലുകളും നടത്തി. ജലലഭ്യത ഉറപ്പാക്കുന്നതിനായി ഹെൽത്ത് ഓഫീസറെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും ചുമതലപ്പെടുത്തിയിരുന്നു.

