ഇനി ജലോത്സവക്കാലം; ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്
text_fieldsആലപ്പുഴ: കേരളത്തിലെ ജലോത്സവത്തിന് തുടക്കമിട്ട് ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളി ശനിയാഴ്ച പമ്പയാറ്റിൽ നടക്കും. സീസണിൽ വള്ളംകളിയാരവം ഉയർത്തുന്ന ആദ്യജലമേളക്ക് വീറും വാശിയും കൂടും. ആഗസ്റ്റ് 10ന് പുന്നമടയിലെ നെഹ്റുട്രോഫിക്ക് മുമ്പുള്ള സെമിഫൈനൽ എന്ന നിലയിലാണ് ക്ലബ്ബുകൾ പോരിനിറങ്ങുന്നത്. അതിനാൽ ചമ്പക്കുളത്തെ പമ്പയാറ്റിൽ മത്സരത്തിന് തീപാറുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ. ക്ലബുകൾ ടീം തെരഞ്ഞെടുപ്പും പരിശീലനവും അതിവേഗം പൂർത്തിയാക്കിയാണ് എത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൽ കുടങ്ങി ഏറെ വൈകിയാണ് മൂലംവള്ളംകളിയുടെ ഒരുക്കങ്ങൾ തുടങ്ങിയത്.രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വംബോർഡ് നടത്തുന്ന ആചാരനുഷ്ഠാനത്തോടെയാണ് ജലോത്സവം തുടങ്ങുക. ഉച്ചക്ക് 1.30ന് ജില്ലകലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. 2.10ന് മന്ത്രി പി. പ്രസാദ് ജലോത്സവം ഉദ്ഘാടനം ചെയ്യും. നാലിന് വെപ്പ് വള്ളങ്ങളുടെ ഫൈനൽ. 4.10ന് ചുണ്ടൻ ലൂസേഴ്സ് ഫൈനലും 4.30ന് രാജൻപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള ചുണ്ടൻ വള്ളങ്ങളുടെ ഫൈനലും നടക്കും. അഞ്ചിന് സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കും. ആറ് ചുണ്ടൻ വള്ളങ്ങൾ, രണ്ട് വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ എന്നിവയുൾപ്പെടെ എട്ട് വള്ളങ്ങളാണ് ഇക്കുറി മാറ്റുരക്കുക. ചെറുതന ചുണ്ടൻ (കൊല്ലം ജീസസ് ബോട്ട് ക്ലബ്), ആയാംപറമ്പ് വലിയദിവാൻജി (ആലപ്പുഴ ടൗൺബോട്ട് ക്ലബ്), ആയാംപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ (യു.ബി.സി കൈനകരി), സെൻറ് ജോർജ് ചുണ്ടൻ (സെന്റ് ജോർജ് ചുണ്ടൻവള്ളസമിതി), ചമ്പക്കുളം ചുണ്ടൻ (ചമ്പക്കുളം ബോട്ട് ക്ലബ്), നടുഭാഗം (നടുഭാഗം ബോട്ട് ക്ലബ്) എന്നിവരാണ് മത്സരിക്കുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷികത്തോട് അനുബന്ധിച്ചാണ് മിഥുന മാസത്തിലെ മൂലം നാളിൽ വള്ളംകളി നടക്കുന്നത്.
ചുണ്ടൻ വള്ളങ്ങളും ട്രാക്കും ഹീറ്റ്സും
ഒന്നാം ഹീറ്റ്സ് :
- ട്രാക്ക് രണ്ടിൽ നടുഭാഗം ചുണ്ടൻ, ട്രാക്ക് മൂന്നിൽ ആയാപറമ്പ് പാണ്ടി പുത്തൻ ചുണ്ടൻ
രണ്ടാം ഹീറ്റ്സ് :
- ട്രാക്ക് രണ്ടിൽ ചമ്പക്കുളം ചുണ്ടൻ, ട്രാക്ക് മൂന്നിൽ ചെറുതന ചുണ്ടൻ
മൂന്നാം ഹീറ്റ്സ് :
- ട്രാക്ക് രണ്ടിൽ ആയാപറമ്പ് വലിയ ദിവാൻജി, ട്രാക്ക് മൂന്നിൽ സെന്റ് ജോർജ് ചുണ്ടൻ
ലൂസേഴ്സ് ഫൈനല്‍
- ട്രാക്ക് ഒന്ന് : മൂന്നാം ഹീറ്റ്സിലെ രണ്ടാമന്
- ട്രാക്ക് രണ്ട് : ഒന്നാം ഹീറ്റ്സിലെ രണ്ടാമന്
- ട്രാക്ക് മൂന്ന് : രണ്ടാം ഹീറ്റ്സിലെ രണ്ടാമന്
ഫൈനല്‍
- ട്രാക്ക് ഒന്ന് : മൂന്നാം ഹീറ്റ്സിലെ ഒന്നാമന്
- ട്രാക്ക് രണ്ട് : ഒന്നാം ഹീറ്റ്സിലെ ഒന്നാമന്
- ട്രാക്ക് മൂന്ന് : രണ്ടാം ഹീറ്റ്സിലെ ഒന്നാമന്
- വെപ്പ് ബി ഗ്രേഡ്
- ട്രാക്ക് ഒന്ന് : കരിപ്പുഴ
- ട്രാക്ക് രണ്ട് : പുന്നത്ര പുരയ്ക്കല്‍
സുരക്ഷയൊരുക്കി പൊലീസ്; വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
ആലപ്പുഴ: ശനിയാഴ്ച പമ്പയാറ്റിൽ നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് വൻ സുരക്ഷയൊരുക്കി പൊലീസ്. ഇതിനായി 400ലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രധാനപ്പെട്ട ജങ്ഷനുകളായ മങ്കൊമ്പ്, നൂറ്റിപ്പത്ത് ജങ്ഷൻ, ചമ്പക്കുളം ഫിനിഷിങ് പോയന്റ്, ടവർ ജങ്ഷൻ, പൂപ്പള്ളി, കൊട്ടാരം, പരുത്തിക്കളം എന്നിവിടങ്ങളിൽ വാഹന പരിശോധനയും ട്രാഫിക് നിയന്ത്രണവുമുണ്ടാകും. മാപ്പിളശ്ശേരി കടവ് മുതൽ ഫിനിഷിങ് പോയിന്റു വരെയുള്ള വള്ളംകളി നടക്കുന്ന പമ്പയാറിന്റെ ട്രാക്കിലും പരിസരത്തും ചെറുവള്ളങ്ങൾ മറ്റ് ജലയാനങ്ങൾ മുതലായവ അനധികൃതമായി പ്രവേശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഉച്ചക്ക് 12 മുതൽ വള്ളംകളി അവസാനിക്കുംവരെ ചമ്പക്കുളം ഭാഗത്തേക്ക് വലിയ വാഹനങ്ങൾക്ക് നിയന്ത്രണവും ഏർപെടുത്തിയിട്ടുണ്ട്.
ജലഗതാഗതം നിരോധിക്കും
ആലപ്പുഴ: ശനിയാഴ്ച നടക്കുന്ന മൂലം ജലോത്സവ മത്സരവള്ളംകളിക്ക് മുന്നോടിയായി ചമ്പക്കുളം പമ്പയാറ്റില്‍ സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റ് വരെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ ശനിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ വള്ളംകളി അവസാനിക്കുന്നതുവരെ ട്രാക്കിലൂടെയുള്ള ജലഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് ആലപ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.
സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ ശനിയാഴ്ച നടക്കുന്ന മൂലം ജലോത്സവത്തിന്റെ ഭാഗമായി മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയന്റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകളുടെ സർവിസുകൾ നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

