കാത്തിരുന്ന് മടുത്ത് നാട്ടുകാർ ; എന്നു വരും എരമല്ലൂർ- കുടപുറം പാലം
text_fieldsകുടപുറം-എരമല്ലൂർ കടത്തുക്കടവ്
അരൂർ: എരമല്ലൂർ-കുടപുറം പാലത്തിനായി കാത്തിരുന്ന് മടുത്ത അവസ്ഥയിലായി നാട്ടുകാർ. മണ്ണ് പരിശോധന നടത്തിയ സമയത്ത് പാലം ഇപ്പോൾ വരുമെന്ന് കരുതിയവരാണവർ. പിന്നീട് കാത്തിരിപ്പ് അനിശ്ചിതമായി നീളുകയാണ്. കുടപുറം കായലിന് കുറുകെ 180 മീറ്റർ മാത്രം നീളമുള്ള പാലം നിർമിച്ചാൽ അരൂർ മണ്ഡലത്തിന്റെ കിഴക്കൻ മേഖലയിൽ വികസനക്കുതിപ്പുണ്ടാകും. അരൂക്കുറ്റി പഞ്ചായത്തിലെ നദ്വത്ത് പ്രദേശത്തുള്ളവർക്ക് എരമല്ലൂരിലെ ദേശീയപാതയിലെത്താനും എളുപ്പ വഴിയാകും.
ആറ് വർഷം മുമ്പ് പാലം നിർമാണത്തിനായി മണ്ണ് പരിശോധന നടത്തിയിരുന്നു. നിർമാണത്തിന് തടസ്സമില്ലെന്നായിരുന്നു റിപ്പോർട്ട്. ഇതിന് തെക്ക് ഭാഗത്ത് തൈക്കാട്ടുശ്ശേരി-തുറവൂർ പാലം വരുകയും വടക്ക് ഭാഗത്ത് അരൂക്കുറ്റി പാലമുള്ളതും കുടപുറം പാലത്തിന്റെ സാധ്യത ഇല്ലാതാക്കിയെന്ന വാദം തള്ളുകയാണ് നാട്ടുകാർ. അരൂക്കുറ്റി പാലത്തിൽ ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടായാൽ കുടപുറം പാലം സമാന്തര പാലമായി ഉപയോഗിക്കാൻ കഴിയും. ഉയരപ്പാത നിർമാണ പ്രതിസന്ധികളിൽ കുടപുറം പാലം വലിയ സഹായം ആകുമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാണാവള്ളി പഞ്ചായത്തിന്റെ തീരമേഖലയിൽ ഉള്ളവരുടെ യാത്രാസൗകര്യവും മെച്ചപ്പെടും. തീര മേഖലയിലുള്ളവർക്ക് പെരുമ്പളം, കോട്ടയം പ്രദേശങ്ങളിൽ എത്താനും പാണാവള്ളി, പള്ളിപ്പുറം, പൂച്ചാക്കൽ മേഖലയിലുള്ളവർക്ക് കിലോമീറ്റർ ചുറ്റിവളയാതെ തീരമേഖലയിൽ എത്തിച്ചേരാനും ഇതുവഴി കഴിയും. എരമല്ലൂരിലെ ദേശീയപാതയിലേക്ക് എത്താനുളള ദൂരവും കുറയും. അതുവഴി കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്കുമെത്താം.
ജോലിക്കും പഠനത്തിനും എറണാകുളത്തെ ആശ്രയിക്കുന്നവരാണ് അധികവും. പ്രധാന ബസ് സ്റ്റോപ്പായ തൃച്ചാറ്റുകുളത്ത് നിന്നു കുടപുറത്തേക്ക് ഏകദേശം രണ്ടു കിലോമീറ്ററുണ്ട്. ചങ്ങാടം കടത്ത് ഇറങ്ങിയാൽ എരമല്ലൂർ നിന്നു ദേശീയപാതയിലേക്ക് ഏകദേശം രണ്ട് കിലോമീറ്ററുണ്ട്. ഈ റൂട്ടിലൂടെ നിലവിൽ നടന്നാണ് യാത്രക്കാർ പോകുന്നത്. പാലം വന്നാൽ ബസ് സർവിസ് ആരംഭിക്കാനാകും. എരമല്ലൂർ, ചന്തിരൂർ ഭാഗത്തുള്ള നിരവധി ചെമ്മീൻ സംസ്കരണ ശാലകളിൽ ജോലിക്കു പോകുന്ന ഒട്ടേറെ വനിതകളും പ്രദേശത്തുണ്ട്. നിലവിൽ ഫെറിയിൽ ഒരു ബോട്ട് ചങ്ങാടം മാത്രമാണ് സർവീസിനുള്ളത്. ഇതിനെ മാത്രമാണ് യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

