അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ കൈയേറ്റം ചെയ്ത് സ്ഥാപനം ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തു.
തെരഞ്ഞെടുപ്പിന് തലേദിവസമാണ് ഒരുസംഘം ശാന്തിഭവനിലേക്ക് ഇരച്ചുകയറി ബഹളംവെക്കുകയും അന്തേവാസിയെ ആക്രമിക്കുകയും ചെയ്തത്. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പരാതി ഇല്ലാത്തതിനാൽ കേസെടുത്തിരുന്നില്ല.
എന്നാൽ, കഴിഞ്ഞ ദിവസം ഇതേ സംഘം മാനേജിങ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ശാന്തിഭവൻ ആക്രമിക്കുമെന്ന് ആക്രോശിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് പിന്നീട് പരാതി നൽകിയത്. ശാന്തിഭവനിലെ അന്തേവാസികളുടെ വോട്ട് ഒരുസ്ഥാനാർഥിക്ക് മാത്രം ചെയ്തെന്നാണ് അക്രമിസംഘം ആരോപിക്കുന്നത്. പുന്നപ്ര സി.ഐ യഹിയ, എസ്.ഐ അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശാന്തിഭവനിൽ പരിശോധന നടത്തി.