നിയമലംഘനം; നാലാംദിനം 24 ബസുകൾക്ക് പിടിവീണു
text_fieldsആലപ്പുഴ: ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നാലാംദിവസം നടത്തിയ പരിശോധനയിൽ 24 ബസുകൾക്കുകൂടി പിടിവീണു. 29,500 രൂപ പിഴചുമത്തി. നാലുദിവസത്തിനിടെ നിയമലംഘനം നടത്തിയ 207 ടൂറിസ്റ്റ് ബസുകളാണ് പിടികൂടിയത്. വടക്കഞ്ചേരിയിൽ ബസ് അപകടത്തിൽ വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആർ.ടി.ഒ സജി പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആർ.ടി ഓഫിസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
തിങ്കളാഴ്ച മാത്രം 24 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വേഗപ്പൂട്ട് വിച്ഛേദിച്ചതിന് ഒരുവാഹനവും അധിക ലൈറ്റുകൾ ഘടിപ്പിച്ചതിന് ഏഴും ഫിലിം കർട്ടൺ ഉപയോഗിച്ച ആറും ഇൻഷുറൻസ്, ടാക്സ് അടക്കമുള്ള നിയമലംഘനം നടത്തിയ 18 വാഹനങ്ങളും പിടികൂടി. അപാതകൾ പരിഹരിച്ച് ബന്ധപ്പെട്ട ആർ.ടി ഓഫിസുകളിൽ ഹാജരാക്കുന്നതിന് നിർദേശം നൽകി.
നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ നിരത്തിൽ പാടില്ലെന്ന ഹൈകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കും. എം.വി.ഐ ടി.ജി. വേണു, എ.എം.വിമാരായ പ്രേംജിത്, ദിനൂപ്, ഷിബുകുമാർ, രഞ്ജിത്, അനൂപ് എന്നിവർ നേതൃത്വം നൽകി.