വികസനക്കുതിപ്പിന് കാതോർത്ത് വിളക്കുമരം-നെടുമ്പ്രക്കാട് പാലം; പാലം പൂർത്തിയാക്കിയത് കിഫ്ബി പദ്ധതിയിൽ 22 കോടി ചെലവാക്കി
text_fieldsനിർമാണം പൂർത്തിയായ പള്ളിപ്പുറത്തെ വിളക്കുമരം-നെടുമ്പ്രക്കാട് പാലം
പള്ളിപ്പുറം: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ വിളക്കുമരം-നെടുമ്പ്രക്കാട് പാലം യാഥാർഥ്യമായി. ചേർത്തലയുടെ വിവിധ പ്രദേശങ്ങളെ വികസനത്തിലേക്ക് നയിക്കാൻ ഇനി പാലത്തിനാകും. പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന ചേർത്തല ഇൻഫോപാർക്കിലേക്ക് പുതിയസംരംഭകർ എത്തുന്നത് ഉൾപ്പെടെ കാര്യങ്ങൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
ചേർത്തലയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾക്കാണ് ഏറെയും വിളക്കുമരം-നെടുമ്പ്രക്കാട് പാലം പ്രയോജനപ്പെടുക. ചേർത്തല -അരൂക്കുറ്റി റോഡിന്റെ സമാന്തരപാതയായ എം.എൽ.എ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയമാർഗം ഇതോടെ തുറക്കും. പാലംവഴി തൃച്ചാറ്റുകുളം, തുറവൂർ മേഖലയിലേക്ക് യാത്ര എളുപ്പമാകും. പാലം നിർമാണം തുടങ്ങിയതിനുശേഷം രൂപരേഖയിൽ മാറ്റം വരുത്തേണ്ടി വന്നതുൾപ്പെടെ തടസ്സങ്ങൾ പാലത്തിന് കാലതാമസം വരുത്തിയെങ്കിലും ഇപ്പോൾ തടസ്സമെല്ലാം ഒഴിഞ്ഞ് പാലം പൂർത്തിയായത് നാട്ടുകാരെ ആഹ്ലാദത്തിലാക്കുന്നു.
കിഫ്ബി പദ്ധതി പ്രകാരം 22 കോടിയോളം ചെലവാക്കിയാണ് പാലം നിർമിച്ചത്. ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ വിളക്കുമരം മേഖലയെയും ചേർത്തല നഗരസഭയിലെ നെടുമ്പ്രക്കാടിനെയും ബന്ധിപ്പിച്ചാണ് പാലം നിർമിച്ചത്. തീരവാസികൾക്ക് ചേർത്തലയിലേക്കും കൊച്ചി ഭാഗത്തേക്കും എത്താൻ എളുപ്പമാകും. എം.എൽ.എ റോഡിലൂടെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മുഴുവനായും നിലച്ചുപോയ സ്ഥിതിയാണ്.
എം.എൽ.എ റോഡ് വഴി ചേർത്തലക്കും ആലപ്പുഴക്കും എറണാകുളത്തേക്കുമുള്ള ബസുകൾ പുനരാരംഭിക്കാൻ കഴിയും. കോവിഡ് കാലത്ത് പൊതുഗതാഗതം നിർത്തിവെച്ചപ്പോൾ നിലച്ചുപോയതാണ് ഈ സർവിസുകൾ. നിർത്തിവെച്ച സർവിസുകൾ പലയിടങ്ങളിലും പുനഃസ്ഥാപിച്ചെങ്കിലും എം.എൽ.എ റോഡ് വഴിയുള്ള സർവിസുകൾ പുനഃസ്ഥാപിച്ചില്ല. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് നേരിട്ട് ചേർത്തലക്കെത്താൻ കഴിയുന്ന മാർഗമാണ് തുറന്നുകൊടുക്കുന്നത്.
ഈ പാലം വഴി പോകുമ്പോൾ ചേർത്തല ടൗണിലേക്കുള്ള ദൂരം രണ്ടുകിലോമീറ്ററോളം കുറയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ പാലം ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം പൂർത്തിയായതോടെ ചേർത്തലയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനാളുകളാണ് വൈകുന്നേരങ്ങളിൽ പാലം കാണാനും പാലത്തിൽനിന്നുള്ള കാഴ്ച കാണാനും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

