വേമ്പനാട് കായല്‍ ശുചീകരണം; രണ്ടാംഘട്ടത്തില്‍ നീക്കിയത് 9.23 ടണ്‍ പ്ലാസ്റ്റിക്
text_fieldsഅരൂക്കുറ്റിയിൽ നടന്ന കായൽ പുനരുജ്ജീവനത്തിന്റെ രണ്ടാം ഘട്ടം
ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ രണ്ടാംഘട്ടത്തില്‍ 9235.5 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കിയതായി ജില്ല കലക്ടർ അലക്സ് വര്‍ഗീസ് അറിയിച്ചു. വെള്ളിയാഴ്ച്ച ജില്ലയിലെ 12 കേന്ദ്രങ്ങളിൽ രാവിലെ ഏഴ് മുതൽ ഒരേസമയം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു. പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്' കാമ്പയിന്റെ രണ്ടാംഘട്ടത്തിന്റെ ജില്ലതല ഉദ്ഘാടനം തൈക്കാട്ടുശ്ശേരി ഫെറിയില്‍ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികൾക്ക് തുഴ കൈമാറി ജില്ല കലക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ അധ്യക്ഷത വഹിച്ചു.
തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി ഒ ജോർജ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ അനിത സോമൻ, ശൈലജ ഉദയപ്പൻ, കെ.ജി. സരുൺ, ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ജി. പത്മകുമാർ, പഞ്ചായത്ത് സെക്രട്ടറി ആർ. സുനിൽ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ, ഹരിത കർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ശുചീകരണം നടക്കുന്ന കായൽ കരയിലേക്ക് കായൽസംരക്ഷണ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി റാലിയും സംഘടിപ്പിച്ചു. ശേഷം സ്ത്രീകളുൾപ്പെടെയുള്ള മല്‍സ്യത്തൊഴിലാളികള്‍ കുത്തിയതോട് കിഴക്ക് ഭാഗം മുതല്‍ തുറവൂർ മൂലയിൽ പുരയിടം തെക്കുവശം വരെ വള്ളങ്ങളിലും മറ്റുള്ള സന്നദ്ധപ്രവര്‍ത്തകര്‍ കരയിലും ശുചീകരണം നടത്തി. തുടര്‍ന്ന് ശേഖരിച്ച മാലിന്യങ്ങൾ താൽക്കാലികമായി മിനി എം.സി.എഫിലേക്ക് മാറ്റി.
വരും ദിവസങ്ങളിൽ ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സന്നദ്ധപ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ഹരിതകർമ സേന, കുടംബശ്രീ അംഗങ്ങള്‍, മറ്റുള്ളവര്‍ എന്നിവര്‍ പങ്കാളികളായി 12 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ശുചീകരണത്തില്‍ കായലില്‍ നിന്ന് മാലിന്യം നീക്കാൻ 314 വള്ളങ്ങള്‍ ഉപയോഗിച്ചു. ശുചീകരണത്തിന്റെ ഭാഗമായവർക്ക് പ്രതിരോധ ഗുളികകൾ, കുടിവെള്ളം, പ്രാതല്‍, മെഡിക്കൽ സംവിധാനങ്ങളും നൽകി. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ എഴുപുന്ന, കോടംതുരുത്ത്, പട്ടണക്കാട്, തുറവൂര്‍, പുളിങ്കുന്ന്, നീലംപേരൂര്‍, ചമ്പക്കുളം, വെളിയനാട്, രാമങ്കരി, തകഴി, അരൂക്കുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ശുചീകരണം നടന്നത്. ആദ്യഘട്ടത്തില്‍ 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് നീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

