വേമ്പനാട് കായല്‍ ശുചീകരണം; ആദ്യദിനം നീക്കിയത് 11 ടണ്‍ പ്ലാസ്റ്റിക് മാലിന്യം
text_fieldsആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക്മുക്ത വേമ്പനാട് മെഗാ കാമ്പയിനില്‍ ആദ്യദിനം 11087 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതായി ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിനിന്റെ ആദ്യഘട്ടമെന്ന നിലക്ക് ശനിയാഴ്ച ജില്ലയിലെ 12 കേന്ദ്രങ്ങളിൽ രാവിലെ 7.30 മുതലായിരുന്നു ശുചീകരണപ്രവര്‍ത്തനങ്ങള്‍. പുന്നമട ഫിനിഷിങ് പോയന്റില്‍ ശുചീകരണം പി.പി. ചിത്തരഞ്ജന് എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. എച്ച്. സലാം എം.എല്‍.എ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തവണക്കടവ് ബോട്ടുജെട്ടിയില്‍ ശുചീകരണം ദലീമ ജോജോ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ, ചേര്‍ത്തല നഗരസഭകള്‍, ആര്യാട്, മണ്ണഞ്ചേരി, അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, മുഹമ്മ, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, കൈനകരി എന്നിവിടങ്ങളില്‍ ശുചീകരണ യജ്ഞത്തില്‍ 3250 ഓളം പേര് പങ്കെടുത്തു. സന്നദ്ധപ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ഹരിതകര്‍മ സേന, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായ ശുചീകരണത്തില്‍ കായലില്‍നിന്ന് മാലിന്യം നീക്കാനായി 334 വള്ളങ്ങള്‍ ഉപയോഗിച്ചു. ആലപ്പുഴ നഗരസഭയില്‍ 666 പേരും ചേന്നംപള്ളിപ്പുറം പഞ്ചായത്തില്‍ 974 പേരും കൈനകരിയില്‍ 300 പേരും തൈക്കാട്ടുശ്ശേരിയില്‍ 247 പേരും അരൂക്കുറ്റിയില്‍ 178 പേരും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.
ഏറ്റവുമധികം മാലിന്യം നീക്കിയത് ആലപ്പുഴ നഗരസഭ പ്രദേശത്ത് നിന്നാണ്, 4250 കിലോഗ്രാം. തൈക്കാട്ടുശ്ശേരിയില്‍ 926 കി. ഗ്രാമും മണ്ണഞ്ചേരിയില്‍ 925 കി. ഗ്രാമും പാണാവള്ളിയില്‍ 852 കി. ഗ്രാം പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ അതത് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എം.സി.എഫിലേക്കും ഏജന്‍സികള്‍ക്കും കൈമാറി. 12 കേന്ദ്രങ്ങളിലായി 548 മത്സ്യത്തൊഴിലാളികളും 535 സന്നദ്ധപ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. കായലിലും കരയിലും ശുചീകരണം നടത്തുന്നതിന് ആവശ്യമായ ഉപകരണങ്ങളും സന്നദ്ധപ്രവര്ത്തര്ക്കുള്ള ഭക്ഷണവും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ അതത് സ്ഥലങ്ങളില്‍ ഒരുക്കിയിരുന്നു. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ഞായറാഴ്ചയാണ് ശുചീകരണം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെയും ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസിന്റെയും നേതൃത്വത്തിലാണ് വേമ്പനാട് കായല്‍ പുനരുജ്ജീവന പദ്ധതി ആവിഷ്കരിച്ചത്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് മെഗാ കാമ്പയിന് നടത്തുന്നത്. വേമ്പനാട് കായലുമായി ബന്ധപ്പെട്ട മറ്റു തദ്ദേശ സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുളള കാമ്പയിനുകള്‍ ഉടന്‍ നടത്തുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

