ഉയരപ്പാത നിർമാണത്തിന് വാഹനങ്ങൾ തിരിച്ചുവിട്ടു; തുറവൂർ- കുമ്പളങ്ങി റോഡ് തകർന്നു
text_fieldsതുറവൂർ കുമ്പളങ്ങി റോഡിൽ അറ്റ കുറ്റപ്പണികൾ നടത്തിയപ്പോൾ
തുറവൂർ: തുറവൂർ- കുമ്പളങ്ങിറോഡിന്റെ ശോച്യാവസ്ഥ എന്ന് പരിഹരിക്കാനാകുമെന്ന ആധിയിൽ നാട്ടുകാർ. ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾ തിരിച്ചുവിട്ടതു മൂലം തകർന്ന റോഡ് പുനർനിർമിക്കാൻ പൊതുമരാമത്ത് ആവശ്യപ്പെട്ട തുക ദേശീയപാത അതോറിറ്റി നൽകിയെങ്കിലും നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. തുറവൂർ കവല മുതൽ കുമ്പളങ്ങി പാലംവരെ 10.50 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡാണ് തകർന്നത്.
റോഡ് കുണ്ടും കുഴിയും ആയതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാൽ പുനർനിർമിക്കാൻ ദേശീയപാത അതോറിറ്റി കുമ്പളങ്ങി റോഡിനും തുറവൂർ മാക്കേക്കവല റോഡിനുമായി 2025 ഫെബ്രുവരിയിൽ 8.5 കോടി രൂപ പൊതുമരാമത്തിനു നൽകി. എന്നാൽ തുക പോരെന്നുപറഞ്ഞ് റോഡ് നിർമാണം ആരംഭിച്ചില്ല. ഇതേത്തുടർന്ന് വീണ്ടും 36.02 ലക്ഷംകൂടി ദേശീയപാത അതോറിറ്റി സംസ്ഥാന പൊതുമരാമത്തിന് നൽകി. ആവശ്യപ്പെട്ട തുക ലഭിച്ചിട്ടും പണി തുടങ്ങാൻ തയ്യാറാകാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ സെപ്റ്റംബറിൽ കുമ്പളങ്ങി റോഡിന്റെ പണി തുടങ്ങി.
തുറവൂർ കവല മുതൽ റോഡിന്റെ നിർമാണം ആരംഭിച്ചെങ്കിലും കുമ്പളങ്ങി പാലം മുതൽ കരുമാഞ്ചേരി പള്ളിവരെ ഭാഗംവരെയാണ് നിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. ബാക്കിയുള്ള എട്ട് കിലോമീറ്ററോളം നിലവിൽ പണി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. നിറയെ കുഴിയായികിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്.
കരുമാഞ്ചേരി പള്ളി മുതൽ തുറവൂർ കവലവരെയാണ് ഇനി ടാർചെയ്യാനുള്ളത്. ബാക്കി സ്ഥലങ്ങളിൽ കുഴിയടക്കൽ മാത്രമാണ് നടത്തിയിട്ടുള്ളത്. ടാറിങ് പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. ചേർത്തലയിൽനിന്ന് എറണാകുളത്തേക്കും കുമ്പളങ്ങിയിലേക്കും അരൂർമുക്കത്തേക്കുമായി നിരവധി സ്വകാര്യബസുകളാണ് ഇതുവഴി സർവീസ് നടത്തുന്നത്. കൂടാതെ നിരവധി ഇരുചക്രവാഹനങ്ങളും ഓട്ടോകളും മറ്റും കടന്നുപോകുന്നു. ഇവയെല്ലാം വളരെ പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്. മഴ ശക്തമാകുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതൽ നാശത്തിലാകുമെന്നതാണ് നാട്ടുകാരുടെ ആശങ്ക. ടാർ ലഭിക്കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് കരാറുകാരൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ പറയുന്നത് ടാറിന് വില കൂടിയെന്നാണ്. കേരളത്തിലാകെ ടാർ വില പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കാതെ പണി നടത്തുകയില്ലെന്ന തീരുമാനത്തിലാണ് കരാറുകാർ. പണിതുടങ്ങിയ നാൾമുതൽ ഇടക്കിടെ നിർമാണം തടസ്സപ്പെട്ടിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. കരാറുകാരന്റെ അനാസ്ഥയും പണി പൂർത്തിയാകുന്നതിൽ തടസ്സമുണ്ടാക്കിയെന്ന ആരോപണവും ശക്തമാണ്.
ടാർ വിലക്കയറ്റം പരിഹരിക്കാൻ സർക്കാർതല തീരുമാനം ഉണ്ടാകണമെന്നാണ് കരാറുകാർ പറയുന്നത്. പുതിയ സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

