മാന്നാർ: അന്തർ സംസ്ഥാന തൊഴിലാളിയായ സുലൈമാെൻറ മഹാ മനസ്കതയിൽ അജിത്തിന് ലഭിച്ചത് വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പഴ്സ്. മാന്നാർ കുരട്ടിശ്ശേരി നാലാം വാർഡിൽ പാവുക്കര തൃപ്പാവൂർകര യോഗം യു.പി സ്കൂളിന് സമീപം അമൃതം വീട്ടിൽ അജിത്കുമാറിനാണ് അതിഥി തൊഴിലാളിയുടെ സത്യസന്ധതയിൽ വിലപ്പെട്ട രേഖകളും പണവും തിരികെക്കിട്ടിയത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഫോണിലേക്കുവന്ന ഹിന്ദി കലർന്ന മലയാളത്തിലുള്ള സംസാരംകേട്ട് അജിത് ഒന്നമ്പരന്നു. മണി പഴ്സ് കിട്ടിയിട്ടുണ്ട്, മാന്നാർ ടൗണിലുള്ള താജ് ട്രാവൽസിന് സമീപം എത്തിയാൽ തിരികെ നൽകാമെന്നായിരുന്നു ഫോൺ.അപ്പോഴാണ് അജിത്കുമാർ പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻതന്നെ പറഞ്ഞ സ്ഥലെത്തത്തി നഷ്ടപ്പെടുമായിരുന്ന തെൻറ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് ഏറ്റുവാങ്ങി. പാരിതോഷികം നൽകിയെങ്കിലും അത് വാങ്ങാൻ സുലൈമാൻ തയാറായില്ല.
അയ്യായിരത്തോളം രൂപയും ബാങ്ക് കാർഡുകളും ജോലി സംബന്ധമായ രേഖകളും ഉൾപ്പെടെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്സാണ് തിരികെലഭിച്ചത്. 11 വർഷമായി കേരളത്തിൽ കെട്ടിട നിർമാണ മേഖലയിൽ ജോലിചെയ്യുന്ന ഷെയ്ഖ് സുലൈമാൻ മാന്നാറിൽ എത്തിയിട്ട് ആറുവർഷമായി.