വലിയഴീക്കല്‍ ഫിഷിങ് ഹാര്‍ബറിന്റെ വികസനം സമയബന്ധിതമായി നടപ്പാക്കും- രമേശ് ചെന്നിത്തല
text_fieldsവലിയഴീക്കൽ ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട്
വിവിധ വകുപ്പ് മേലധികാരികളുമായി ആഭ്യന്തര മന്ത്രി
രമേശ് ചെന്നിത്തല ചർച്ച നടത്തുന്നു
ആലപ്പുഴ: വലിയഴീക്കല്‍ ഫിഷിങ് ഹാര്‍ബറിന്റെ വികസനം സമയബന്ധിതമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരം, വിജിലന്‍സ്, കയര്‍ വകുപ്പ് ഫിഷറീസ് മന്ത്രിയുടേയും ഹാര്‍ബര്‍ എൻജിനീയറിങ് ഉദ്യോഗസ്ഥരുടെയും സാനിധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ഫിഷ് ലാൻഡിങ് സെന്ററായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 75 മീറ്റര്‍ വാര്‍ഫും, ഒരു ചെറിയ ലേല ഹാളും വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16.67 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 103 മീറ്റര്‍ വാര്‍ഫ്, ലേല ഹാള്‍, കടമുറികള്‍, നെറ്റ് മെന്‍ഡിങ് ഷെഡ്, ഗേറ്റ് ഹൗസ് തുടങ്ങിയ പ്രവർത്തികൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വാര്‍ഫിന്റെ മുന്‍വശത്ത് മണല്‍ അടിഞ്ഞു കിടക്കുന്ന മണൽ നീക്കാൻ ഡ്രഡ്ജിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ഡിസംബർ മാസത്തോടെ ഇത് പൂർത്തീകരിക്കുമെന്ന് ഹാര്‍ബർ എൻജിനീയറിങ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മണൽ നീക്കുന്നതിന് ഐ.ആര്.ഇയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. റോഡില്‍ കടല്‍വെള്ളം കയറുന്നതിന് തടയുന്നതിനുള്ള ഗാബിയോണ്‍ നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കും. കൂടാതെ നിരവധി ടൂറിസ്റ്റുകള്‍ വലിയഴീക്കല്‍ ഭാഗത്തേക്ക് എത്തുന്നതിനാല്‍ മത്സ്യബന്ധനവും ടൂറിസവും സമന്വയിപ്പിച്ചുള്ള ഉത്തരവാദിത്വ ടൂറിസം സെന്ററായി ഫിഷിങ് ഹാര്‍ബറിനെ മാറ്റുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

