
പെരുമ്പളം പാലം പണിയാൻ കായൽ നികത്തൽ; സി.പി.എമ്മിൽ പ്രതിഷേധം
text_fieldsവടുതല (ആലപ്പുഴ): പെരുമ്പളം പാലം പണിയാൻ കായൽ നികത്താനുള്ള നീക്കത്തിൽ സി.പി.എമ്മിൽ പ്രതിഷേധം പുകയുന്നു. വേമ്പനാട്ട് കായലിെൻറ മറുകരയിൽ അരൂക്കുറ്റി ഗ്രാമപഞ്ചായത്തിലെ വടുതലയിൽനിന്നാണ് പാലംപണി ആരംഭിക്കുന്നത്. ഇവിടെ കരയിൽനിന്ന് നൂറ്റി നാൽപതോളം മീറ്റർ കായലിലേക്ക് തെങ്ങുകുറ്റികൾ നാട്ടി മണ്ണുനിറച്ച് ബണ്ട് നിർമിക്കാനാണ് നീക്കമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലിൽ നീരൊഴുക്ക് തടയുന്ന ഈ നടപടി നിർത്തിവെക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
പാലം നിർമാണത്തിന് അത്യാധുനിക രീതികൾ നിലനിൽക്കുമ്പോൾ കായലിൽ ബണ്ട് നിർമിച്ച് നീരൊഴുക്ക് തടയരുതെന്നാണ് ഇവരുടെ ആവശ്യം. മത്സ്യത്തൊഴിലാളി യൂനിയനുകളിൽ പ്രബല സംഘടന സി.ഐ.ടി.യുവിെൻറ സംഘടനക്ക് ഇക്കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതികളുണ്ട്. പെരുമ്പളം നിവാസികളുടെ ചിരകാലാഭിലാഷമായ പാലം നിർമാണത്തിന് പ്രതിഷേധങ്ങൾ തടസ്സമായി വ്യാഖ്യാനിക്കപ്പെടും. തെരഞ്ഞെടുപ്പ് സമയത്ത് എൽ.ഡി.എഫിെൻറ വികസന പ്രഖ്യാപനത്തിനെതിരെയുള്ള സി.ഐ.ടി.യുവിെൻറ എതിർപ്പ് എതിരാളികൾ ആഘോഷിക്കും. ഇതൊക്കെയാണ് സി.പി.എമ്മിനെ അലട്ടുന്നത്.
അരൂർ-അരൂക്കുറ്റി പാലം പണിയുമായി ബന്ധപ്പെട്ട് തെങ്ങിൻകുറ്റികൾ കായലിൽ നാട്ടി ബണ്ട് ഉണ്ടാക്കിയിരുന്നു. ഈ ബണ്ടിെൻറ അവശിഷ്ടം ഇപ്പോഴും കായലിൽ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി കിടക്കുകയാണ്. മത്സ്യത്തൊഴിലാളികൾ ബണ്ട് നിർമാണത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം ഏറ്റെടുക്കാൻ സി.ഐ.ടി.യു സംഘടന തയാറായില്ലെങ്കിൽ മറ്റ് മത്സ്യത്തൊഴിലാളി സംഘടനകൾ ഏറ്റെടുക്കുന്നതും പ്രശ്നമാകും. എന്താണെങ്കിലും മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടിയു ഇക്കാര്യം ചർച്ചചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.