വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലി സമാപന സമ്മേളനം ഇന്ന്
text_fieldsെകാച്ചിൻ മൻസൂർ
അരൂക്കുറ്റി: വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു സിൽവർ ജൂബിലി സമാപന സമ്മേളനം ശനിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പൂർവ വിദ്യാർഥി സംഗമം, സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, 25 വർഷം പിന്നിട്ട അധ്യാപകർക്ക് ആദരവ്, കൊച്ചിൻ മൻസൂർ നയിക്കുന്ന സ്മൃതിലയം ഗാനസന്ധ്യ, 50ൽപരം വിദ്യാർഥികളെ അണിനിരത്തി നിസാം നാസർ നയിക്കുന്ന ദഫ് മുട്ട് എന്നിവ സമാപനത്തിന്റെ ഭാഗമായി നടക്കും.
ഉച്ചക്ക് ഒരു മണിക്ക് പൂർവ വിദ്യാർഥി സമ്മേളനം ദലീമ ജോജോ എം.എൽ.എയും വൈകുന്നേരം നാലിന് സമാപന സമ്മേളനം സംസ്ഥാന പിന്നാക്ക വിഭാഗം വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദും ഉദ്ഘാടനം ചെയ്യും. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ് എന്നിവർ മുഖ്യാതിഥികളാകും. സ്കൂൾ മാനേജർ കെ.എ. പരീത് അധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ കെ.എം. ഷിഹാബുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തും. വടുതല ജമാഅത്ത് എജുക്കേഷനൽ ട്രസ്റ്റ് ചെയർമാൻ ഇ. കൊച്ചുണ്ണിക്കുഞ്ഞ്, സെക്രട്ടറി അഡ്വ. ഷബീർ അഹമ്മദ്, പ്രിൻസിപ്പൽ എം. ശ്രീജിത്ത്, ഹെഡ്മാസ്റ്റർ പി.കെ. ഫാസിൽ, പി.ടി.എ പ്രസിഡന്റ് പി.എം. ഷാജിർ ഖാൻ തുടങ്ങിയവർ സംസാരിക്കും.
തദ്ദേശ സ്ഥാപന ജനപ്രതിനിധികളായ എൻ.കെ. അനീസ്, റാഹില, പി.എം. ഷാനവാസ്, ജമാഅത്ത് സംരക്ഷണ സമിതി ചെയർമാൻ സി.എം. അബ്ദുൽ ഖാദിർ ഹാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. ബഷീർ, കെ.പി. നടരാജൻ, നിധീഷ് ബാബു, വി.എച്ച്. നിസാർ, സ്റ്റാഫ് സെക്രട്ടറിമാരായ ഷിഹാബുദ്ദീൻ, സിദ്ധിഖുൽ അക്ബർ തുടങ്ങിയവർ ആശംസ നേരും.
കൂടുതൽ തികവോടെ, മികവോടെ മുന്നോട്ട്
ആറു പതിറ്റാണ്ടായി പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലിയുടെ നിറവിലാണ്. പാഠ്യ-പാഠ്യേതര രംഗത്തൊന്നാകെ സംസ്ഥാനത്തെതന്നെ മികച്ച സ്കൂളുകളുടെ പട്ടികയിലുള്ള നമ്മുടെ വിദ്യാലയം കൂടുതൽ തികവോടെ, മികവോടെ അതിന്റെ പ്രയാണം തുടരട്ടെയെന്ന് ഈ വേളയിൽ പ്രാർഥിക്കുന്നു... ആശംസിക്കുന്നു.
-ബിനി സെബാസ്റ്റ്യൻ പ്രിൻസിപ്പൽ, വടുതല ജമാഅത്ത് ഇംഗ്ലീഷ് സ്കൂൾ
ഈ കലാലയം എന്നും മുൻനിരയിൽ
സമൂഹത്തിന്റെ സർവതോന്മുഖമായ പുരോഗതിയുടെ നിദാനമാണ് കലാലയങ്ങൾ. കേരളത്തിന്റെ പുരോഗതിയിൽ പൊതുവിലും വടുതലയുടെ പുരോഗതിയിൽ പ്രത്യേകിച്ചും മികച്ച സംഭാവനകൾ അർപ്പിച്ചുകൊണ്ടിരിക്കുന്ന വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പാഠ്യ -പാഠ്യേതര മേഖലകളിൽ ജില്ലയിലെ പ്രഗൽഭ കലാലയങ്ങളിൽ മുൻനിരയിലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന നിരവധി പേർ ഈ കലാലയത്തിലൂടെ കടന്നുപോയവരാണ്.
അർപ്പണബോധമുള്ള അധ്യാപക -അധ്യാപകേതര ജീവനക്കാരും മാനേജ്മെൻറും നല്ലവരായ നാട്ടുകാരും സർവോപരി, എല്ലാ നേട്ടത്തിനും കാരണക്കാരായ പ്രിയ വിദ്യാർഥികളും ചേർന്നപ്പോൾ ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വടുതലയെന്ന കൊച്ചു ഗ്രാമത്തിന് നൽകുന്ന പേരും പെരുമയും വാക്കുകൾക്കതീതമാണ്. ഇതിൽ പ്രധാനാധ്യാപകനെന്ന നിലയിൽ ഏറെ അഭിമാനമുണ്ട്. ഹയർ സെക്കൻഡറി വിഭാഗം 25ാംവാർഷികം ആഘോഷിക്കുന്ന വേളയിൽ സ്നേഹോഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. സ്കൂളിനും നാടിനും നാട്ടുകാർക്കും കൂടുതൽ കൂടുതൽ നന്മകൾ വരട്ടെയെന്ന് ആശംസിക്കുന്നു.
-പി.കെ. ഫാസിൽ ഹെഡ് മാസ്റ്റർ, വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

