അവധിക്കാലം വായനക്കാലം; കുട്ടിവായനക്കാർ കൂടുന്നു
text_fieldsആലപ്പുഴ: മധ്യവേനലധിക്കാലത്ത് കുട്ടിവായനക്കാർ കൂടൂന്നു. വായനശാലകളിലെ അലമാരകളിലും ഷെൽഫുകളിലും പുസ്തകങ്ങൾ പൊടിപിടിച്ചിരിക്കുന്ന കാഴ്ചകൾ ഇക്കുറിയില്ല. കുട്ടിവായനക്കാരുടെ തിരക്കാണ്. പുസ്തകങ്ങൾ കൈകളിൽനിന്ന് കൈകളിലേക്ക് മാറിമറിയുന്നുണ്ട്.
പണ്ടുകാലങ്ങളിൽ കുട്ടികളെ പുസ്തകങ്ങൾ വായിക്കാൻ നിർബന്ധിക്കുമായിരുന്നെങ്കിൽ ഇപ്പോൾ വായനശാലകളിലേക്ക് രക്ഷിതാക്കളെയും കൂട്ടി കുട്ടികളെത്തുന്ന സ്ഥിതിയാണ്. ജില്ലയിൽ പല വായനശാലകളിലും അംഗത്വം എടുക്കുന്നവരുടെ എണ്ണം കൂടി.
അഞ്ചിൽ മൂന്നും കുട്ടികളാണ്. കുട്ടികൾക്ക് അംഗത്വം എടുക്കാൻ കഴിയാത്തയിടങ്ങളിൽ മാതാപിതാക്കളുടെ അംഗത്വത്തിലൂടെ പുസ്തകങ്ങളെടുക്കാം. ഇങ്ങനെ എത്തുന്നവരും കൂടുതലെന്ന് ലൈബ്രറേറിയന്മാർ പറയുന്നു.
പഴയ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് തന്നെയാണ് ആവശ്യക്കാർ ഏറെയും. അതിൽ മുന്നിൽ നിൽക്കുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾക്കാണ്. പിന്നീട് എം.ടി. വാസുദേവൻ നായരുടേതിനും.
എളുപ്പത്തിൽ വായിച്ചുതീർക്കാൻ കഴിയുമെന്നതാണ് ബഷീർ കൃതികളുടെ പ്രത്യേകത. കുട്ടികൾക്ക് പുസ്തകങ്ങളെപ്പറ്റി നല്ല ധാരണയുണ്ട്. ഹാരി പോർട്ടർ, ബാലസാഹിത്യകൃതികൾ, ഇംഗ്ലീഷ് ചെറുകഥകൾ തുടങ്ങിയവയാണ് വേണ്ടത്. മലയാളം എന്നപോലെ ഇംഗ്ലീഷ് നോവലുകൾക്കും ക്ലാസിക്കുകളും പരമ്പരകൾക്കും തേടിയെത്താറുണ്ട്.
നേരത്തെ ഇംഗ്ലീഷ് സാഹിത്യസൃഷ്ടികളുടെ പരിഭാഷക്കായി കാത്തിരിക്കുന്ന വായനക്കാരുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിമാറി.
അവധിക്കാലത്ത് ഉല്ലാസത്തോടൊപ്പം കുട്ടികളിൽ വായനയും വിജ്ഞാനവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘അമ്മ വായന, കുഞ്ഞുവായന’ എന്ന അവധിക്കാല വായനോത്സവത്തിന് മണ്ണാറശാല യു.പി സ്കൂളിൽ തുടക്കമായി. സ്കൂൾ ലൈബ്രറിയിൽനിന്ന് ആവശ്യമായ പുസ്തകങ്ങൾ നൽകി വായനക്കുശേഷം തിരികെനൽകുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

