അപ്പർ കുട്ടനാടിന് മുൻഗണന നൽകി പദ്ധതികൾ ആവിഷ്കരിക്കും-മന്ത്രി
text_fieldsചെറുതനയിലെ കൃഷിയിടത്തിലെത്തിയ മന്ത്രി പി. പ്രസാദും രമേശ് ചെന്നിത്തല എം.എൽ.എയും ചീരകൃഷി പരിശോധിക്കുന്നു
ഹരിപ്പാട്: കുട്ടനാട് പാക്കേജിൽ അപ്പർ കുട്ടനാടിന് മുൻഗണന നൽകി കൂടുതൽ കാർഷിക വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. കർഷകരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കൃഷിമന്ത്രി നയിക്കുന്ന പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശെൻറ ഭാഗമായി ഹരിപ്പാട് ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാടശേഖരങ്ങളിലെ മടവീഴ്ച ഒഴിവാക്കാൻ പുറംബണ്ട് വേണ്ട സ്ഥലങ്ങൾ അടിയന്തരമായി കണ്ടെത്തി മുൻഗണനാടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കുട്ടനാട് വികസന ഏകോപന കൗൺസിലിെൻറ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനമെടുക്കും. കർഷകർക്ക് പമ്പിങ് സബ്സിഡി, വിളനാശ ഇൻഷുറൻസ് എന്നിവ ലഭിക്കാനുള്ള കാലതാമസം ഉടൻ തന്നെ പരിഹരിക്കും.പ്രളയഭീതി ഒഴിവാക്കാനായി കുട്ടനാട്ടിലെ നദികളിൽ ശാസ്ത്രീയമായ ഡ്രഡ്ജിങ് പ്രവൃത്തികൾ ആരംഭിക്കും. വിദ്യാർഥികൾക്കിടയിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ഹരിപ്പാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക കാർഷിക പദ്ധതി നടപ്പാക്കും.
. ഹരിപ്പാട് ബ്ലോക്കിലെ ചെറുതന, വീയപുരം, ഹരിപ്പാട്, പള്ളിപ്പാട്, ചിങ്ങോലി, കാർത്തികപ്പള്ളി, കുമാരപുരം, തൃക്കുന്നപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളാണ് മന്ത്രി സന്ദർശിച്ചത്. ഓരോ പഞ്ചായത്തിലെയും കർഷകരുമായി കൃഷിമന്ത്രി സംവദിക്കുകയും ചെയ്തു.
മൂന്ന് കോടിയുടെ വിള ഇൻഷുറൻസ് നഷ്ടപരിഹാരം കൃഷിയിടത്തിൽ അനുവദിച്ച് മന്ത്രി പ്രസാദ്
ഹരിപ്പാട്: കൃഷിയിടത്തിൽവെച്ച് 3.05 കോടിയുടെ വിള ഇൻഷുറൻസ് നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ച് കൃഷി മന്ത്രി പി. പ്രസാദ്. 2021 ഏപ്രിൽ മുതൽ കൃഷിനാശം സംഭവിച്ച കൃഷി ഇൻഷ്വർ ചെയ്ത കർഷകർക്ക് പ്രയോജനമാകുന്ന ഉത്തരവാണ് കൃഷിദർശന്റെ നാലാം ദിനത്തിൽ കൃഷിയിട സന്ദർശനത്തിനിടെ പുറപ്പെടുവിച്ചത്.
ഹരിപ്പാട് കാർഷിക ബ്ലോക്കിലെ നിരവധി കർഷകർ ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ചിങ്ങോലി കൃഷിഭവന്റെ പരിധിയിലെ കൃഷിയിടത്തിൽവെച്ച് ഇൻഷുറൻസ് തുക അനുവദിച്ച് ഉത്തരവിറക്കി കർഷകരുടെ പ്രശ്നങ്ങൾക്ക് മന്ത്രി പരിഹാരം കണ്ടു.
ഹരിപ്പാട് കാർഷിക ബ്ലോക്കിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരത്തിനുള്ള മാർഗങ്ങൾ നിർദേശിച്ച് മന്ത്രി പി. പ്രസാദും രമേശ് ചെന്നിത്തല എം.എൽ.എയും കൃഷിയിടത്തിൽ സന്ദർശനം നടത്തി. കൃഷിദർശന്റെ ഭാഗമായിട്ടാണ് ഇരുവരും കൃഷിയിടങ്ങൾ സന്ദർശിച്ച് പ്രശ്നങ്ങൾ വിലയിരുത്തിയത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാർ സമിതി രൂപത്കരിച്ചതായും കേരള കാർഷിക സർവകലാശാല നെല്ലിലെ വിഷാംശവുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ട് തയാറാക്കാൻ സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
കെ.എൽ.ഡി.സി ചെയർമാൻ ടി.വി. സത്യനേശൻ, കൃഷിവകുപ്പ് സെക്രട്ടറി ബി. അശോക്, കൃഷി ഡയറക്ടർ കെ.എസ്. അഞ്ജു, കാർഷിക വില നിർണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡീഷനൽ സെക്രട്ടറിമാർ, കൃഷി അഡീഷനൽ ഡയറക്ടർമാർ, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫിസർ, മറ്റ് കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

