അസാധാരണ വേലിയേറ്റം; തീരദേശ വീടുകളിൽ വെള്ളംകയറി
text_fieldsവേലിയേറ്റത്തിൽ വെള്ളം കെട്ടിനിൽക്കുന്ന വീടുകളിൽ ഒന്ന്
അരൂർ: അസാധാരണ വേലിയേറ്റത്തിൽ തീരദേശത്തെ നൂറുകണക്കിന് വീടുകൾ വെള്ളത്തിൽ മുങ്ങി. അരൂർ നിയോജക മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം എന്നീ തീരമേഖലയിലുള്ള പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറിയത്. പുലർച്ച മുതൽ പുരയിടത്തിലും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞാണ് വെള്ളം ഒഴിയുന്നത്.
അടുത്ത ദിവസങ്ങളിലും ഇത് ആവർത്തിക്കുമെന്ന് നാട്ടുകാർ പറഞ്ഞു. തീരവാസികളുടെ ആവർത്തിച്ചുള്ള ദുരിതജീവിതം ആരംഭിക്കുകയാണ്. കടലിലെ പ്രതിഭാസമാണ് കാരണമെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ശരിയായ പഠനം നടത്താൻ സർക്കാർ തയാറായിട്ടില്ല. കായൽത്തീരങ്ങളിൽ കൽക്കെട്ടുള്ള പ്രദേശങ്ങളിൽ മാത്രം കുറച്ച് ആശ്വാസം ഉണ്ടാകുമെന്ന് തീരവാസികൾ പറഞ്ഞു.
അഞ്ചുവർഷം മുമ്പ് വേലിയേറ്റം ശക്തമായപ്പോൾ കായൽത്തീരങ്ങളിൽ ഭിത്തി നിർമിക്കാൻ നടപടി ഉണ്ടാകുമെന്ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക് തീരവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. 100 കോടി ഇതിനായി അനുവദിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
അരൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും കായലുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളിൽ കായൽഭിത്തി നിർമിക്കാനും എക്കലും മണ്ണും കായലിൽനിന്ന് നീക്കാനും കായലിന്റെ ആഴം കൂട്ടാനും സാധ്യമായ സ്ഥലങ്ങളിൽ തീരദേശ റോഡ് നിർമിക്കാനും നടപടി ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികളുടെ യോഗങ്ങളിൽ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രഖ്യാപനങ്ങൾ കടലാസ്സിലൊതുങ്ങി.
എല്ലാ വർഷവും അസാധാരണ വേലിയേറ്റം തീരവാസികൾക്ക് ദുരിതമായി മാറി. മുറ്റത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം തീരപ്രദേശം വെള്ളത്തിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദർഭത്തിൽ അസാധാരണ വേലിയേറ്റം ജനങ്ങൾക്കുണ്ടാക്കുന്ന കഷ്ടപ്പാട് തീരവാസികളുടെ വികസന പ്രശ്നമായി ഉയർന്നുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

