ആലപ്പുഴ തിരിച്ചുപിടിച്ച് യു.ഡി.എഫ്
text_fieldsപ്രതീകാത്മക ചിത്രം
ആലപ്പുഴ: ചുവന്നൊഴുകുമെന്ന ഇടതു പ്രതീക്ഷ അട്ടിമറിച്ച് ആലപ്പുഴ നഗരസഭയിൽ യു.ഡി.എഫിന്‍റെ വൻ മുന്നേറ്റം. 53 അംഗ നഗരസഭയില്‍ 23 സീറ്റ് സ്വന്തമാക്കിയാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുന്നത്. കോൺഗ്രസ് 19 സീറ്റുകൾ നേടിയപ്പോൾ കഴിഞ്ഞതവണ ഒരുസീറ്റു പോലുമില്ലാതിരുന്ന മുസ്ലിംലീഗ് നാലിടത്ത് വിജയിച്ചാണ് യു.ഡി.എഫിന് തിളക്കം കൂട്ടിയത്. സക്കറിയ ബസാർ, ആലിശ്ശേരി, വലിയകുളം, സിവിൽസ്റ്റേഷൻ വാർഡുകളിലാണ് മുസ്ലിംലീഗ് വിജയിച്ചത്. കഴിഞ്ഞ തവണ മൂന്ന് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബി.ജെ.പി നില മെച്ചപ്പെടുത്തി അഞ്ച് സീറ്റുകൾ സ്വന്തമാക്കി.
എസ്.ഡി.പിയും പി.ഡി.പിയും സിറ്റിങ് സീറ്റുകൾ നിലനിർത്തിയപ്പോൾ ഒരുസീറ്റ് സ്വതന്ത്രനും നേടാനായി. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. എൻ.ഡി.എ ആർക്കും പിന്തുണ നൽകാതെ പ്രത്യേക ബ്ലോക്കായി നിലനിൽക്കാനാണ് സാധ്യത. ഈസാഹചര്യത്തിൽ മംഗലം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പന്‍റെ പിന്തുണയോടെ ഭരണത്തിലേറാനാണ് യു.ഡി.എഫ് നീക്കം. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ജോസ് ചെല്ലപ്പന്‍ 2015ല്‍ സ്വതന്ത്രനായി തന്നെ മത്സരിച്ച് ജയിച്ചപ്പോഴും യു.ഡി.എഫ് പക്ഷത്തായിരുന്നു.
35ലേറെ സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച അവകാശപ്പെട്ട ഇടതുപക്ഷത്തിന് മത്സരഫലം കനത്ത തിരിച്ചടിയായി. 2020ൽ 35 സീറ്റ് നേടി അധികാരത്തിലെത്തിയ എൽ.ഡി.എഫിന് ഇക്കുറി കാലിടറി. 23 സീറ്റുണ്ടായിരുന്ന സി.പി.എം 18 സീറ്റിൽ ഒതുങ്ങിയപ്പോൾ ഒമ്പത് സീറ്റുണ്ടായിരുന്ന സി.പി.ഐക്ക് രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ലജ്നത്ത് വാർഡിൽ പി.ഡി.പിയും മുല്ലാത്തുവളപ്പ് വാർഡിൽ എസ്.ഡി.പി.ഐയും വിജയിച്ചു. ഇവരുടെയും സിറ്റിങ് സീറ്റാണ്. കൊറ്റംകുളങ്ങര, പുന്നമട, കളര്‍കോട്, പഴവീട്, എ.എന്‍പുരം സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
മുന്‍ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ നെഹ്‌റുട്രോഫി വാര്‍ഡില്‍നിന്ന് നാലാംതവണയും വിജയിച്ചു. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ സി.പി.എമ്മിലെ എ. ഷാനവാസ് തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ വിജയം നേടി. 2015ൽ 26 സീറ്റുമായാണ് യു.ഡി.എഫ് ഭരണത്തിലേറിയത്. 2020ല്‍ 35 സീറ്റുകളുമായി എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. അന്ന് യു.ഡി.എഫ് 11 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

