യു.ഡി.എഫ് നേതാക്കൾ പൊലീസിനെ കെട്ടിപ്പിടിച്ച് കോവിഡ് പരത്തി –എ. വിജയരാഘവൻ
text_fieldsആലപ്പുഴയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: സമരമുഖങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യു.ഡി.എഫ് നേതാക്കൾ കോവിഡ് പരത്തിയെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജരാഘവൻ. കോവിഡ് വ്യാപനത്തിനു മുഖ്യസംഭാവന നൽകിയത് കോൺഗ്രസാണ്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. എൽ.ഡി.എഫ് ബഹുജന കൂട്ടായ്മ ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്പൂതിരി സംബന്ധത്തിനു പോകുംപോലെ പ്രതിപക്ഷ നേതാക്കൾ രാത്രി ആശുപത്രി അന്വേഷിച്ച് നടക്കുകയാണ്. കേരളത്തിലെ എം.പിമാർക്ക് കോവിഡ് പ്രോട്ടോകോൾ ലംഘിക്കാനും പാർലമെൻറിൽ ചെന്ന് പിണറായിക്കെതിരെ സമരം ചെയ്യാനും മാത്രമേ കഴിയുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ജേക്കബ് ഉമ്മൻ (ജനത ദൾ എസ്), കണ്ടല്ലൂർ ശങ്കരനാരായണൻ (ലോക് താന്ത്രിക്), ബി. അൻഷാദ് (ഐ.എൻ.എൽ), ഐ. ഷിഹാബുദ്ദീൻ, രഘുനാഥൻ നായർ, ജോണി മുക്കം, സജു എടക്കാട്, സാജൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

