ഇരുചക്ര വാഹന തട്ടിപ്പ്; മണ്ണഞ്ചേരിയിലും പരിസരങ്ങളിലും ഇരയായത് 200ൽപരം സ്ത്രീകൾ
text_fieldsമണ്ണഞ്ചേരി: ഇരുചക്ര വാഹന തട്ടിപ്പ്. മണ്ണഞ്ചേരിയിലും പരിസരങ്ങളിലും തട്ടിപ്പിന് ഇരയായത് 200ൽപരം സ്ത്രീകൾ. ഡിസംബറിൽ മണ്ണഞ്ചേരി അമ്പനാകുളങ്ങരയിൽ പണം അടച്ചവരുടെ യോഗം ചേരുകയും ഉപഭോക്താക്കളിൽനിന്നും വീണ്ടും പണം വാങ്ങുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് ചോദ്യം ചെയ്തവരെ ഉപഭോക്താക്കളിൽ ചിലർ ബഹളമുണ്ടാക്കി പറഞ്ഞുവിട്ടതും തട്ടിപ്പിന് ആക്കംകൂട്ടി. പ്രതി ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയതോടെ പണം നഷ്ടപ്പെട്ട പലരും പൊലീസിൽ പരാതിയുമായി എത്തി.
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് പകുതി വില തട്ടിപ്പ് നടത്തിയത് സന്നദ്ധ, സ്വാശ്രയ സംഘങ്ങൾ മുഖാന്തരം. സർക്കാർ ജീവനക്കാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ കണ്ണികളായപ്പോൾ തൊഴിലുറപ്പു തൊഴിലാളികളും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളും വിശ്വസിച്ച് പണം നിക്ഷേപിച്ചു. ചിലർക്ക് സ്കൂട്ടറും ലാപ്ടോപ്പും മറ്റും കിട്ടിയതോടെ വിശ്വാസം വർധിച്ചു. ആര്യാട് ബ്ലോക്ക് സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. ഇതിന്റെ പേരിലും അംഗങ്ങളിൽനിന്ന് 200 രൂപ അംഗത്വ ഫീസും വാർഷിക വരിസംഖ്യയായി 120 രൂപയും വാങ്ങി.
വനിതകൾക്കായുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണെന്ന തരത്തിലും പ്രചാരണം നൽകിയതോടെ കൂടുതൽ പേർ പണം അടയ്ക്കുവാൻ തയാറായി. പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ് ടോപ്, തയ്യൽ മെഷീൻ, ജലസംഭരണി, ഗൃഹോപകരണങ്ങൾ എന്നിവയായിരുന്നു വാഗ്ദാനം. പണം അടച്ച് 100 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സാധനം നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇത് പാലിക്കപ്പെടാതെ വന്നതോടെ ഡിസംബറിൽ അമ്പനാകുളങ്ങരയിൽ പണം അടച്ചവരുടെ യോഗം വിളിച്ചിരുന്നു. ഇവിടെ എത്തിയവരോട് 200 രൂപ മുദ്രപ്പത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തി കരാർ പത്രവും നൽകിയിരുന്നു. അടുത്ത 100 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ സാധനം എത്തിക്കുമെന്നതായിരുന്നു കരാർ. ഇതിന്റെ പേരിലും വലിയ വെട്ടിപ്പാണ് നടന്നത്.
അംഗങ്ങളിൽനിന്ന് മുദ്രപ്പത്രത്തിന് 200 രൂപയും നോട്ടറി സാക്ഷ്യപ്പെടുത്തുന്നതിനെന്ന പേരിൽ 500 രൂപ വീതവും വാങ്ങി. എന്നാൽ, ചിലർപൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തിയെങ്കിലും ആരും രേഖാമൂലം പരാതി നൽകാൻ തയാറായില്ല. സംഘാടകരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ല. ഇതോടെ പദ്ധതി തട്ടിപ്പ് അല്ലെന്ന ശക്തമായ പ്രചാരണവുമായി. ഇത് തട്ടിപ്പുകാർക്ക് കൂടുതൽ സുഗമമായി പ്രവർത്തിക്കാൻ അവസരം ഒരുക്കി. ചൊവ്വാഴ്ച മാത്രം എട്ട് പരാതികൾ മണ്ണഞ്ചേരി പൊലീസിൽ കിട്ടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ആളുകൾ പരാതി നൽകുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

