പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി:ട്രസ്റ്റിന്റെ പേരിൽ പണം തട്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsഅമ്പലപ്പുഴ: ട്രസ്റ്റിന്റെ പേരിൽ തമിഴ്നാട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ തത്ത്വമസി വീട്ടിൽ വാടകക്ക് താമസിക്കുന്ന മുജീബ് റഹ്മാൻ (50), വർക്കല പുലിയൂർകോണം മടവൂർ പഞ്ചായത്ത് രണ്ടാം വാർഡ് വേമൂട്ടിൽ കിഷോർ (27) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് ഇൻസ്പെക്ടർ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റു ചെയ്തത്.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ന്യൂ ഫാർമേഴ്സ് അഗ്രോ ആൻഡ് ആനിമൽ ഓർഗാനിക്ക് റിസർച് ഫൗണ്ടേഷൻ എന്ന ട്രസ്റ്റ് രൂപവത്കരിച്ച് തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ കൃഷിഭൂമി പാട്ടത്തിനെടുത്തിട്ടുണ്ടെന്നും ഇവിടെ കൃഷിയിറക്കാൻ കൃഷി വകുപ്പിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പുറക്കാട് സ്വദേശിയായ അൻവർ സാദത്തിന്റെ ഭാര്യയിൽനിന്ന് ബാങ്ക് അക്കൗണ്ട് വഴി പലപ്പോഴായി 6,67,000 രൂപ സംഘം വാങ്ങുകയായിരുന്നു.
പിന്നീട് പണം തിരികെ ലഭിക്കുകയോ ഇവരെക്കുറിച്ചുള്ള വിവരമോ ഇല്ലാതിരുന്നതിനെ തുടർന്ന് തട്ടിപ്പിനിരയായ അൻവർ സാദത്ത് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് കഴിഞ്ഞ മാസം 23ന് കിഷോറിനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് മുജീബ് റഹ്മാൻ വലയിലാകുന്നത്.
കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും സംഘം വിവിധിയിടങ്ങളിൽ സമാന രീതിയിൽ തട്ടിപ്പു നടത്തിയതായി അറിയാൻ കഴിഞ്ഞെന്നും അമ്പലപ്പുഴ പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ ഗിരീഷ്കുമാർ, എ.എസ്.ഐമാരായ ജയചന്ദ്രൻ, പ്രിൻസ്, സിവിൽ പൊലീസ് ഓഫിസർമാരായ സുജിമോൻ, സിദ്ദീഖ്, ബിബിൻദാസ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

