40 കുപ്പി വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ
text_fieldsതുറവൂർ: സ്കൂട്ടറിൽ കടത്തിയ 20 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി. പാണാവള്ളി കളത്തിത്തറ വീട്ടിൽ അനിൽകുമാർ (50), അരൂക്കുറ്റി മുല്ലപ്പള്ളി വീട്ടിൽ ഗോകുലൻ (53) എന്നിവരെയാണ് കുത്തിയതോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാണാവള്ളി പള്ളിവെളിയിൽനിന്ന് പിടികൂടിയത്. വിൽപനക്കായുള്ള അരലിറ്റർ വീതമുള്ള 40 കുപ്പി മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. അളവിൽ കൂടുതൽ മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.അതേസമയം, മദ്യം കടത്തിയ കേസിൽ ഒന്നാം പ്രതിയായ അനിൽകുമാർ, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത ചാരായക്കേസിൽ പിടിയിലാകാനുള്ള പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇതേ കേസിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എസ്. സുമേഖ്, പ്രിവന്റിവ് ഓഫിസർ കെ.ആർ. ഗിരീഷ്കുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.എ. തസ്ലീം എന്നിവർ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

