നിർമാണം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട്; ഇനിയും പൂർത്തിയാകാതെ വിളക്കുമരം പാലം
text_fieldsവിളക്കുമരം പാലം
തുറവൂർ: നിർമാണം ആരംഭിച്ചിട്ട് രണ്ടു പതിറ്റാണ്ടാകുമ്പോഴും വിളക്കുമരം പാലം ഗതാഗതയോഗ്യമായില്ല. എ.കെ. ആന്റണി ചേർത്തല എം.എൽ.എ ആയിരിക്കുമ്പോഴാണ് തറക്കല്ലിട്ട് നിർമാണം തുടങ്ങിയത്. 136 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമാണം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇവിടേക്കുള്ള റോഡിന്റെ വീതി മൂന്ന് മീറ്റർ മാത്രമായിരുന്നതിനാൽ നിർമാണ സാമഗ്രികൾ എത്തിക്കാൻ കഴിയാതെ കരാറുകാരൻ പാലംപണി ഉപേക്ഷിച്ചു.
പിന്നീട് ചേർത്തലയിൽ തിലോത്തമൻ എം.എൽ.എയാവുകയും അരൂരിൽ എ.എം. ആരിഫ് എം.എൽ.എയാവുകയും ചെയ്തതോടെയാണ് പാലംപണി പുനരാരംഭിച്ചത്. 20 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ചു. പാലം പണി ഏറെക്കുറെ പൂർത്തീകരിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തീകരിക്കാനാകാത്തതാണ് ഇപ്പോഴത്തെ തടസ്സം. പരപ്പേൽ ഭാഗത്ത് സ്ഥലമെടുപ്പ് ജോലികൾ പൂർത്തീകരിച്ചിട്ടില്ല. എടുത്ത സ്ഥലത്തിന് പണം നൽകിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ചേർത്തല നിയോജകമണ്ഡലവും അരൂർ നിയോജകമണ്ഡലവും പാലത്തിന്റെ ഇരുകരയിലുമാണ്. ചെങ്ങണ്ട തോട്ടിലാണ് പാലം.
ചേർത്തല -അരൂക്കുറ്റി റോഡിലെ ചെങ്ങണ്ട പാലത്തിന് സമാന്തരമാണ് വിളക്കുമരം പാലം. ഇത് പൂർത്തിയാകുന്നതോടെ താലൂക്കിന്റെ വടക്കൻ മേഖലയിലുള്ളവർക്ക് ചേർത്തല ടൗണിൽ എളുപ്പത്തിൽ എത്താനാകും.ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിലെ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി പഞ്ചായത്തുകൾക്കും ഗുണകരമാകും. പള്ളിപ്പുറം പഞ്ചായത്തിലെ വിവിധ കമ്പനികൾക്കും പാലം പ്രയോജനകരമാകും.
നാല് പഞ്ചായത്തിലെ 26 ഗ്രാമീണ റോഡുകളും മറ്റ് റോഡുകളും ഈ പാതയിലേക്കാണ് എത്തുന്നത്. അപ്രോച്ച് റോഡുകളുടെ നിർമാണം ത്വരിതഗതിയിലാക്കിയാൽ അടുത്ത വർഷമെങ്കിലും പാലം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റവന്യൂ വകുപ്പിന്റെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

