മാരാരിക്കുളം: കലവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേരെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് തകിടിവെളിയിൽ എസ്. ശരത് ബാബു (30), ഒന്നാം പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ചേലേകാട്ട് വീട്ടിൽ എച്ച് അഭി (25) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രി ഉപകരണങ്ങൾക്ക് കേടുപാട് വരുത്തിയതിനുമാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇവർ കൊലക്കേസിലും അടിപിടി കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.
കോർത്തുശേരി ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും വേലി പൊളിക്കുകയും ചെയ്ത സംഘത്തിലുൾപ്പെട്ട ഇവർ ഇവിടെവച്ചുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റാണ് കലവൂർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വൈകിട്ട് ആറു വരെയാണ് ഇവിടെ ഒ.പി പ്രവർത്തിക്കുന്നത്. കിടത്തിചികിത്സയിലുള്ള രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എത്തിയ ഡോക്ടർ അരുൺ ബാബുവിനെയാണ് കൈയേറ്റം ചെയ്തത്. ചോരയൊലിപ്പിച്ച് എത്തിയ ഇവരോട് പ്രാഥമിക ശുശ്രൂഷ മാത്രമേ നൽകുവാൻ കഴിയൂവെന്നും സ്കാനിങ് ഉൾപ്പെടെ ആവശ്യമായതിനാൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പോകണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ എന്തിനാണ് ആശുപത്രി തുറന്നുവച്ചിരിക്കുന്നതെന്ന് ചോദിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു.
അസഭ്യം പറയുകയും തള്ളുകയും ഓക്സിജൻ സിലിണ്ടറിൻെറ കീ ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായാണ് പരാതി. തടയാൻ ശ്രമിച്ച നഴ്സ് ചിഞ്ചുവിനും നഴ്സിങ് അസിസ്റ്റൻറ് ഐഷ ബീവിക്കും പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ചില്ല് വാതിലുകളും അടിച്ചു തകർത്തു. പരിക്കേറ്റ ഡോക്ടർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് പിടികൂടിയത്. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സി.ഐ രവി സന്തോഷ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.