മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടാൻ ശ്രമം
text_fieldsആലപ്പുഴ: പക്ഷിപ്പനി നഷ്ടപരിഹാരം വാങ്ങിത്തരാമെന്ന് പറഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കർഷകനിൽനിന്ന് പണംതട്ടിയെടുക്കാൻ ശ്രമം.
കൂടുതൽ പേർ തട്ടിപ്പിനിരയായതായി സംശയം. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് അഴീക്കൽ വീട്ടിൽ ഏയ്ഞ്ചൽ ആന്റണിയിൽനിന്ന് പണം തട്ടാനാണ് ശ്രമിച്ചത്.
പക്ഷിപ്പനി നഷ്ടപരിഹാരമായി സർക്കാർ അനുവദിച്ച 1.83 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടെന്നും പ്രത്യുപകാരമായി 2000 രൂപ ഗൂഗിൾ പേ ചെയ്യണമെന്നുമായിരുന്നു ആവശ്യം. ഫോണിലൂടെയുള്ള സംസാരത്തിൽ വൈരുദ്ധ്യം തോന്നിയതോടെ കർഷകൻ വിവരം ജില്ല മൃഗസംരക്ഷണ ഓഫിസിൽ അറിയിച്ചു. തുടർന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ പി.വി. അരുണോദയ സ്പെഷൽ ബ്രാഞ്ചിന് പരാതി നൽകി.
ആലപ്പുഴ ജില്ല വെറ്ററിനറി ഡോക്ടർ വി.ആർ. മധുസൂദനൻ നായരെന്ന് പരിചയപ്പെടുത്തിയാണ് ഫോൺ വിളിച്ചത്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളും നഷ്ടപരിഹാരത്തിന്റെ വിവരങ്ങളും പങ്കുവെക്കുന്നതിനിടെ വീണ്ടും കർഷകൻ ഔദ്യോഗിക തസ്തികയും പേരും ചോദിച്ചപ്പോൾ രാധാകൃഷ്ണൻ നായരെന്ന് മാറ്റിപ്പറഞ്ഞു. ഓഫിസ് എറണാകുളത്ത് പട്ടമെന്നും പറഞ്ഞതോടെയാണ് സംശയം തോന്നിയത്.
കർഷകനെ ഫോണിൽ വിളിച്ച നമ്പറും ഗൂഗിൾ പേയിലേക്ക് പണമയക്കാൻ ആവശ്യപ്പെട്ട് നൽകിയ നമ്പറും പൊലീസിന് കൈമാറി. ഗൂഗിൾ പേ നമ്പർ ഏയ്ഞ്ചൽ ആന്റണിക്ക് വാട്സ്ആപ് ചെയ്യാൻ വിളിച്ചയാൾ മറ്റൊരാളുടെ സഹായവും തേടിയിരുന്നു. അതിനാൽ സംഘത്തിൽ ഒന്നിലധികം പേർ ഉണ്ടെന്നാണ് പ്രാഥമികനിഗമനം. ഇതിനൊപ്പം ഇത്തരത്തിൽ കൂടുതൽപേർ തട്ടിപ്പിനിരയായതായും സംശയമുണ്ട്.
ഈമാസം ആറിനാണ് മന്ത്രി ജെ. ചിഞ്ചുറാണി ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പക്ഷിപ്പനി നഷ്ടപരിഹാരത്തുക വിതരണോദ്ഘാടനം നിർവഹിച്ചത്. കോട്ടയം ജില്ലയിലെ ഔസേഫ് മാത്യു പുത്തൻപുരയ്ക്കൽ എന്ന കർഷകന് തുക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
അന്ന് ബാക്കിയുള്ള കർഷകർക്ക് സർട്ടിഫിക്കറ്റ് മാത്രമാണ് നൽകിയത്. ഒരോരുത്തരുടെയും അക്കൗണ്ടിലേക്ക് പണമെത്തുമെന്നാണ് അറിയിച്ചിരുന്നത്. പക്ഷിപ്പനി രോഗവ്യാപനത്തിൽ മാസങ്ങളായി ദുരിതത്തിലായ കർഷകർക്ക് ശനിയാഴ്ച വൈകീട്ടോടെ പണം അക്കൗണ്ടിൽ ലഭിച്ചുതുടങ്ങി. പക്ഷിപ്പനി നഷ്ടപരിഹാരം ലഭിച്ച കർഷകരുടെ വിവരങ്ങളടങ്ങിയ പട്ടിക ചോർന്നുകിട്ടിയ സംഘമാകാം ഇതിന് പിന്നില്ലെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

