ഇഴഞ്ഞുനീങ്ങി തൃക്കുന്നപ്പുഴ പാലം; എട്ടു വർഷമായിട്ടും തീരാത്ത ദുരിതം, ഖജനാവിന് നഷ്ടം കോടികൾ
text_fieldsപണിതീരാതെ കിടക്കുന്ന തൃക്കുന്നപ്പുഴ ചീപ്പ് പാലം
ആറാട്ടുപുഴ: ജനങ്ങൾ ക്ഷമയുടെ നെല്ലി പലക കണ്ട തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണ പ്രവർത്തനത്തിൽ ഭരണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പറഞ്ഞ ഉറപ്പുകൾ എല്ലാം പാഴ്വാക്കായി മാറിയ അനുഭവമാണ് ജനങ്ങൾക്കുള്ളത്. കഴിഞ്ഞ ആഗസ്തിൽ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ച പാലം ഇനി എത്ര ആഗസ്ത് മാസം കടക്കണമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. എന്നെങ്കിലും ഈ പാലം പണി തീരും എന്ന് പറയാൻ മാത്രമേ ഇപ്പോൾ കഴിയൂ.ഒരുപാലം
നിർമിക്കേണ്ട പണം ജങ്കാറിന് നൽകി
പാലത്തിന്റെ പൂർത്തീകരണം വൈകുന്തോറും ഖജനാവിന് ഭീമമായ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതി മാസം 13 ലക്ഷം രൂപയാണ് ജങ്കാർ സർവിസിനായി സർക്കാർ ചെലവഴിക്കുന്നത്.
ഇതിനോടകം മൂന്നര കോടിയോളം രൂപ ജങ്കാർ വാടകയായി ചെലവഴിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന താൽക്കാലിക പാലം നിർമിക്കാൻ ഇത്രയും തുക വേണ്ടിവരുമായിരുന്നില്ല.
ഒച്ചിന് ഇതിനേക്കാൾ വേഗതയുണ്ട്
കേന്ദ്ര സർക്കാറിന്റെ ഉൾനാടൻ ജലഗതാഗത വകുപ്പും കേരള ജലസേചന വകുപ്പും ചേർന്നുള്ള തൃക്കുന്നപ്പുഴ ചീപ്പ് പാലത്തിന്റെ പുനർനിർമാണ പദ്ധതി ചീരൻസ് കൺസ്ട്രക്ഷൻ 34.12 കോടി രൂപക്കാണ് 2018-ൽ ഏറ്റെടുത്തത്. 2020 ഫെബ്രുവരിയിൽ പൂർത്തിയാകേണ്ട പാലമാണ് എട്ടുവർഷം കഴിയുമ്പോഴും ഒച്ചിനേക്കാൾ പതുക്കെ ഇഴഞ്ഞുനീങ്ങുന്നത്.
കോവിഡ് ദുരന്തത്തെ തുടർന്ന് 2022 മാർച്ചിലേക്ക് തീയതി നീട്ടി നൽകി. എസ്റ്റിമേറ്റ് തുക 41 കോടിയായി വർധിപ്പിച്ചും നൽകി. പിന്നീടത് 2023 ഡിസംബറായതോടെ 2025 ജൂണിൽ തീർക്കുമെന്ന് പ്രഖ്യാപിച്ചു. അതും നടക്കാതെ വന്നപ്പോൾ ആഗസ്ത് 30 നുള്ളിൽ പണിപൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല കലക്ടർ ബന്ധപ്പെട്ട അധികാരികളോടും കരാറുകാരനോടും ചർച്ച ചെയ്ത ശേഷം അവസാന പ്രഖ്യാപനം എന്ന നിലയിൽ അറിയിച്ചു. അതും നടപ്പാകാതെ വന്നതോടെ അധികാരികൾ പരിഹാസ്യരായി. പിന്നീട് ഉറപ്പുകൾ നൽകാൻ അവർക്ക് ധൈര്യം ഇല്ലാതായി. ഇതിനിടയിൽ മുഖ്യമന്ത്രി രണ്ട് തവണയും ഇറിഗേഷൻ വകുപ്പ് മന്ത്രി പലതവണയും പ്രശ്നത്തിൽ ഇടപെട്ടു. നിയമസഭയിലും ചർച്ചയായി. ഹർത്താൽ അടക്കം സമരങ്ങൾ പലത് നടന്നു. ഹൈകോടതിയുടെ ഇടപെടലും ഉണ്ടായി. പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന പ്രശ്നം ആയതിനാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രധാന ചർച്ചയായിരുന്നു. എം.എൽ.എയുടെ വീഴ്ചയാണെന്ന് ഭരണപക്ഷവും സർക്കാറിന്റെ അനാസ്ഥയാണ് പാലം പണി ഇഴഞ്ഞു നീങ്ങാൻ കാരണമെന്ന് പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി.
2018 ൽ ആരംഭിച്ച തൃക്കുന്നപ്പുഴ ചീപ്പിന്റെയും 20 മീറ്റർ മാത്രം നീളമുള്ള പാലത്തിന്റെയും നിർമാണം നീണ്ടു പോകുന്നതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ദേശീയ പാതയുടെ ഭാഗമായി നിരവധി വമ്പൻ പാലങ്ങൾ ഇതിനകം പൂർത്തിയായ സാഹചര്യത്തിലാണ് 20 മീറ്ററിൽ ഭരണകൂടം തപ്പി തടയുന്നത്. പൊതുഗതാഗതത്തിന്റെ അപര്യാപ്തത മൂലം യാത്ര ദുരിതം ഏറെയുള്ള തീരദേശ റോഡിൽ പാലത്തിന്റെ നിർമാണം മൂലം ഗതാഗതം മുടങ്ങുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദ്യാർഥികളും വയോധികരും സ്ത്രീകളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
‘അധികാരം കിട്ടിയാൽ 24 മണിക്കൂറിനുള്ളിൽ നടപടി’
തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങാൻ കാരണം സർക്കാറിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തലയെ തിരിഞ്ഞു കുത്തി പഴയ പ്രസംഗം. തൃക്കുന്നപ്പുഴയിൽ നടന്ന സ്വീകരണ യോഗത്തിൽ രമേശ് ചെന്നിത്തല നടത്തിയ പ്രസംഗമാണ് പ്രതിപക്ഷം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
"പാലം പണി വൈകുന്നതിന്റെ കാരണം എന്റെ തലയിൽ കെട്ടിവെക്കണ്ട, മൂന്നുതവണ ഇതിനായി ഞാൻ മീറ്റിങ് വിളിച്ചുകൂട്ടിയിട്ടുണ്ട്. ഭരിക്കുന്നത് അവരല്ലേ.. മുഖ്യമന്ത്രി അല്ലേ വകുപ്പ്. എന്തെങ്കിലും ചെയ്യണ്ടേ. ഞാൻ ആയിരുന്നുവെങ്കിൽ 24 മണിക്കൂറിനുള്ളിൽ വേണ്ടത് ചെയ്യുമായിരുന്നു". ഇതായിരുന്നു പ്രസംഗം. അധികാരത്തിലേറി ഒരു മാസം പിന്നിട്ടിട്ടും തൃക്കുന്നപ്പുഴ പാലത്തെകുറിച്ച് നാളിതുവരെ ഒരു അഭിപ്രായവും രമേശ് ചെന്നിത്തല പറഞ്ഞിട്ടില്ല. ഇത് പ്രദേശത്തെ കോൺഗ്രസുകാരെ നിരാശരാക്കുന്നുണ്ട്. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവർ ഉത്തരം മുട്ടുകയാണ്. പാലം പണി എന്ന് പൂർത്തിയാകും എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. ഇനി പറയുന്ന സമയമെങ്കിലും പാലിക്കണമെന്ന ആഗ്രഹം മാത്രമാണ് തങ്ങൾക്കുള്ളതെന്ന് ജനങ്ങൾ പറയുന്നു. കൂടാതെ പാലം പണി പൂർത്തിയാകാൻ വേണ്ടി വെടിവഴിപാട് നടത്തുന്ന വീഡിയോയും വൈറലായിട്ടുണ്ട്.
പ്ലാനിൽ പാളിച്ചകളേറെ; പണിതീരാത്ത പാലം
രണ്ടു വശങ്ങളിലും കോൺക്രീറ്റ് ഭിത്തികെട്ടി മണ്ണ് നിറച്ച് അപ്രോച്ച് റോഡ് നിർമിക്കാൻ ആയിരുന്നു പദ്ധതി വിഭാവന ചെയ്തിരുന്നത്. എന്നാൽ, ഇത് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയതോടെ എലിവേറ്റഡ് മാതൃകയിൽ അപ്രോച്ച് റോഡ് നിർമിക്കാൻ തീരുമാനിച്ചു. അതിനായി ഇരുവശങ്ങളിലും 16 വീതം പൈലിങ് പണി പൂർത്തിയായിട്ടുണ്ട്. പടിഞ്ഞാറേക്കരയിൽ ഒരു തൂണിന്റെ നിർമാണം പൂർത്തിയായി. പാലവുമായി ബന്ധപ്പെടുത്തി ഗർഡറുകൾ നിർമിക്കുന്ന പണി പുരോഗമിക്കുകയാണ്. അടുത്ത തൂൺ സ്ഥാപിക്കാനുള്ള പൈലിങ് ഇതുവരെ ആരംഭിച്ചിട്ടില്ല. കിഴക്കേക്കരയിൽ പൈലിന് മുകളിലുള്ള പില്ലറുകളുടെ നിർമാണവും തുടർ പണികളും ശേഷിക്കുകയാണ്. ഇരുവശങ്ങളിലും ഭിത്തി ഒഴിവാക്കി എലിവേറ്റഡ് മാതൃകയിൽ അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള നിർമാണ അനുമതി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലഭിക്കാത്തതാണ് തുടർ പ്രവർത്തനങ്ങൾ വൈകാൻ കാരണം.
ഇരുവശത്തും ഒരുപോലെ പണി നടത്തിയാൽ കാലതാമസം കുറക്കാമെങ്കിലും അങ്ങനെയൊരു നീക്കം കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അടുത്ത ആഗസ്തിലും പണി തീരുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. പാലം മാത്രമല്ല, ഉപ്പുവെള്ളത്തെ തടയുന്നതിന് നാവിഗേഷൻ ലോക്ക് അടക്കം സ്ഥാപിക്കുന്ന പണികളും ശേഷിക്കുകയാണ്. ഇതിനായുള്ള ഷട്ടർ പണി സ്ഥലത്ത് എത്തിച്ച് മൂന്ന് വർഷത്തോളമായി. നിലവിലുള്ള ഷട്ടർ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ഏറെ പ്രയാസപ്പെട്ടാണ് നിലവിലുള്ള തുരുമ്പെടുത്ത ഷട്ടർ അടക്കുകയും തുറക്കുകയും ചെയ്യുന്നത്. ഇതിന്റെ പ്രവർത്തനം നിലച്ചു പോയാൽ ഓരുവെള്ളം കുട്ടനാട് അപ്പർ കുട്ടനാട് ഭാഗങ്ങളിലെ നെൽകൃഷിയെ ഗുരുതരമായി ബാധിക്കും. തീരദേശവാസികളുടെ ജീവിതത്തെയും കാർഷിക മേഖലയെയും ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തിൽ കുരുക്കഴിയാതെ കിടക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നാണ് അറിയുന്നത്. ഇത്രയേറെ ജനരോഷം ശക്തമായിട്ടും വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

