വിദ്യാർഥികൾക്ക് യാത്രാദുരിതം
text_fieldsആലപ്പുഴ: ആവശ്യത്തിന് ബസില്ല, ഉള്ളവയിലാകട്ടെ കയറാൻപോലും കഴിയാത്തത്ര തിരക്ക്. അകത്തുകടന്നാലും രക്ഷയില്ല. സ്കൂൾ തുറക്കും മുമ്പ് എല്ലാ ക്രമീകരണവും ഉറപ്പാക്കിയെന്ന് അധികൃതർ പറഞ്ഞിടത്താണിത്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും യാത്രക്ലേശം രൂക്ഷമാണ്. വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
ആലപ്പുഴക്കും ചേർത്തലക്കുമിടയിൽ തീരദേശ റൂട്ടിലെ സ്കൂളുകളിലും അരീപ്പറമ്പ് ഗവ. എച്ച്.എസ്.എസിലും പഠിക്കുന്ന കുട്ടികൾ ബസ് കാത്തുനിന്ന് മടുക്കുമ്പോൾ ഓട്ടോ പിടിക്കേണ്ട സ്ഥിതിപോലുമുണ്ട്. ഇതുവഴി കെ.എസ്.ആർ.ടി.സി സർവിസ് ഇല്ല. സ്വകാര്യ ബസുകൾ ചിലപ്പോൾ മുടങ്ങും. കലവൂർ പ്രദേശത്ത് നിന്നെത്തുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ പലപ്പോഴും ചേർത്തലയിലെത്തിയാണ് യാത്ര തുടരുന്നത്. കുട്ടികൾ കൂടുതലുള്ള സ്റ്റോപ്പുകളിൽ ചില ബസുകൾ നിർത്താതെ പോകും.
മാവേലിക്കര തട്ടാരമ്പലം-കൊച്ചാലുംമൂട്-പന്തളം റോഡ് നവീകരണം നടക്കുന്നതിനാൽ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടതിനാൽ ഈ മേഖലയിലും യാത്രക്ലേശം രൂക്ഷമാണ്. വിദ്യാർഥികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. പുതിയകാവ് ചന്തക്ക് കിഴക്ക് ഓട നവീകരണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് മൂലം സമയത്ത് സ്കൂളിലെത്താൻ സാധിക്കാറില്ല.
ബസുകൾ മറ്റുവഴികളിലൂടെ പോകുന്നതും പ്രശ്നമാണ്. വൈകീട്ട് വീട്ടിലെത്താനും വൈകുന്നു. രണ്ടു വർഷമായി ചേർത്തല തങ്കിക്കവല-പൊറത്താംകുഴി റോഡ് പുനർനിർമാണത്തിനായി പൊളിച്ചിട്ട്. ഈ റോഡിലെ ഇല്ലിക്കൽ പാലം പുനർനിർമാണം പകുതിയോളമേ ആയിട്ടുള്ളൂ. ഈ വഴി ബസില്ല. കുട്ടികൾക്കു സ്കൂളിലെത്താൻ മറ്റു വഴികളെയും വാഹനങ്ങളെയും ആശ്രയിക്കണം. പൈപ്പിടാൻ കുഴിച്ച റോഡിലൂടെ നടന്നുപോലും പോകാൻ കഴിയാത്തതാണ് ചെങ്ങന്നൂർ അങ്ങാടിക്കലിൽ കുട്ടികളുടെ ദുരിതം. പ്രദേശത്തെ അഞ്ച് സ്കൂളുകളിലേക്കുള്ള വഴിയാണ് മാസങ്ങളായി കുഴിച്ചിട്ടത്. മഴ തുടങ്ങിയതോടെ അപകടങ്ങളും വർധിക്കുന്നു.
കരുവാറ്റ കാരമുട്ട് ദ്വീപിലെ കുട്ടികൾക്ക് മറുകരയിലെ സ്കൂളിലെത്താൻ വള്ളങ്ങളെ ആശ്രയിക്കണം. ഇപ്പോൾ ജങ്കാറില്ല. കുറിച്ചിക്കൽകടവ് പാലം പൂർത്തിയായാലേ കാരമുട്ടിലെ കുട്ടികളുടെ കഷ്ടപ്പാട് കുറയൂ. പാണാവള്ളി പഞ്ചായത്തിലെ അഞ്ചുതുരുത്ത് ദ്വീപിൽനിന്ന് 30ലേറെ കുട്ടികൾ മറുകരയിൽ പഠിക്കാൻ പോകുന്നു. വേമ്പനാട്ടുകായലിലൂടെ കടത്തുവള്ളത്തിലാണ് യാത്ര. കാറ്റും മഴയുമുള്ളപ്പോൾ കായലിലെ ജലനിരപ്പ് ഉയരും. വള്ളത്തിലെ യാത്ര അസാധ്യമാകും. അത്തരം കാലാവസ്ഥയിൽ ദ്വീപുകാർ കുട്ടികളെ സ്കൂളിൽ അയക്കാറില്ല.
തുറവൂർ-കുമ്പളങ്ങി റൂട്ടിലുണ്ടായിരുന്ന നാല് കെ.എസ്.ആർ.ടി.സി ബസുകൾ കോവിഡ് കാലത്തിനുശേഷം ഓടുന്നില്ല. തുറവൂർ, പറയകാട്, നാലുകുളങ്ങര, ചങ്ങരം, ശ്രീനാരായണപുരം തുടങ്ങിയയിടങ്ങളിലെ സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് യാത്ര ദുഷ്കരമാണ്. നാല് ബസും എറണാകുളം ഡിപ്പോയിൽനിന്നുള്ളതാണ്. ചേർത്തലയിൽനിന്ന് കൊല്ലപ്പള്ളി, കളവംകോടം, വളമംഗലം വഴി കുത്തിയതോടിനുള്ള ഓർഡിനറി ബസും നിർത്തി. അതോടെ കാവിൽ, വളമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കുന്ന കുട്ടികളും ബുദ്ധിമുട്ടിലായി. മുമ്പുണ്ടായിരുന്ന സ്വകാര്യ ബസുകളും ഓടുന്നില്ല.
ഓച്ചിറ-ചൂനാട്, ചൂനാട്-തഴവാമുക്ക്, ചൂനാട്-കാമ്പിശേരി, ചൂനാട്-താമരക്കുളം റോഡുകളിൽ വളരെ കുറച്ചു സ്വകാര്യ ബസുകളേയുള്ളൂ. കെ.എസ്.ആർ.ടി.സിയുടെ ഓച്ചിറ-താമരക്കുളം, ഓച്ചിറ-ചൂനാട്, കാമ്പിശേരി-ചങ്ങൻകുളങ്ങര സർവിസുകളും ഇല്ല.
ഹരിപ്പാട് ആയാപറമ്പ് വടക്കേ കരയിലെ കുട്ടികൾ ഏറെ കഷ്ടപ്പെട്ടാണ് സ്കൂളിലെത്തുന്നത്. ലോക്ഡൗണിൽ നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവിസുകൾ ഓടിത്തുടങ്ങിയിട്ടില്ല. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് ഉണ്ടായിരുന്ന രണ്ട് സ്വകാര്യ ബസും ഇപ്പോഴില്ല. കുട്ടികൾക്കു ബസിൽ കയറണമെങ്കിൽ മൂന്ന് കിലോമീറ്ററോളം നടന്ന് പായിപ്പാട്ടെത്തണം.
എടത്വ-ചമ്പക്കുളം റൂട്ടിൽ സ്കൂൾ സമയങ്ങളിൽ ബോട്ട് സർവിസ് ഇല്ല. നേരത്തേ രണ്ട് ബോട്ടുണ്ടായിരുന്നു. രണ്ടുമാസമായി ഒന്നേയുള്ളൂ. ബോട്ടിനെ മാത്രം ആശ്രയിക്കുന്ന ഒട്ടേറെ കുട്ടികളുണ്ട്. എടത്വ-ചമ്പക്കുളം റൂട്ടിൽ ബസും കുറവാണ്.
മുട്ടാർ-കിടങ്ങറ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസില്ല. റോഡ് നിർമാണത്തിന്റെ പേരിൽ സർവിസ് നിർത്തിയതാണ്. എടത്വ ഡിപ്പോയിൽനിന്ന് ഉൾപ്രദേശങ്ങളിലൂടെ ഉണ്ടായിരുന്ന പല ബസുകളും നിർത്തി.