റോഡിലെ ചിന്ത സുരക്ഷയാകട്ടെ; കാണാം ട്രാഫിക് റൂൾസ് ഗാലറി
text_fieldsആലപ്പുഴ: റോഡപകടങ്ങളും മരണവാർത്തകളും കേട്ട് എല്ലാവരുടെയും മനസ്സ് മരവിച്ചുപോകാറുണ്ട്. എന്നിട്ടും റോഡ് നിയമങ്ങളും സിഗ്നലുകളും നോക്കാതെ നിരത്തുകളിലൂടെ അമിതവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങൾ ഏറെയാണ്. ജീവന് വിലകൽപിച്ച് റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ച് ശ്രദ്ധകൂട്ടിയാൽ അപകടങ്ങൾ കുറക്കാമെന്ന ചിന്തയിലേക്ക് വഴിനടത്തുകയാണ് ആലപ്പുഴ എസ്.ഡി.വി ബോയ്സ് എച്ച്.എസ്.എസിലെ ട്രാഫിക് റൂൾസ് ഗാലറി. റോഡുമായും വാഹനവുമായും ബന്ധപ്പെട്ട ഗതാഗതനിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പകർന്നുനൽകുന്ന സംസ്ഥാനത്തെ ആദ്യഗാലറിയാണിത്.
സിഗ്നലിൽ പച്ചതെളിയുന്നത് മുതൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കിട്ടുന്ന കടുത്തശിക്ഷവരെയുള്ള കാര്യങ്ങൾ ചിത്രങ്ങളുടെ സഹായത്താൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ പതിയുന്ന വിധം ഔട്ട്ഡോറിൽ പ്രത്യേക ഫ്രെയിമിലാണ് അവതരണം.
കേരളത്തിലെ റോഡുകളിൽ ഒന്നരക്കോടി വാഹനങ്ങളാണ് ദിനംപ്രതി സഞ്ചരിക്കുന്നത്. അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം. ഇതിനാൽ വേഗത്തിനു പിന്നാലെ ഒരിക്കലും പോകരുത്. അത് മരണത്തിന് കാരണമായേകാം -തുടങ്ങിയ സന്ദേശങ്ങളാണ് നിറയുന്നത്. 50 കിലോമീറ്റർ വേഗത്തിലുള്ള കൂട്ടയിടി മൂന്നാംനിലയിൽനിന്ന് വീഴുന്നതിനും 100 കിലോമീറ്റർ വേഗത്തിലുള്ള കൂട്ടയിടി 12ാം നിലയിൽനിന്ന് വീഴുന്നതിനും തുല്യമാണെന്നും വരച്ചുകാട്ടുന്നു.
ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ്ബെൽറ്റും ധരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിൽ വാഹനമോടിക്കുന്നതിന്റെ ആഘാതവും അപകടസാധ്യതയും സീബ്രാലൈനിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക, കൊടുംവളവുകളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക തുടങ്ങിയ കാര്യങ്ങളും പ്രതിപാദിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ 9.45ന് നോർത്ത് സി.ഐ എം.കെ. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. എസ്.ഡി.വി സ്കൂൾസ് മാനേജർ പ്രഫ. എസ്. രാമാനന്ദ് അധ്യക്ഷത വഹിക്കും. എസ്.ഡി.വി മാനേജിങ് കമ്മിറ്റി അംഗം എ. ശിവസുബ്രഹ്മണ്യം വിഷയം അവതരിപ്പിക്കും. പ്രിൻസിപ്പൽ എസ്. ജയശ്രീ, പി.ടി.എ പ്രസിഡന്റ് അഡ്വ. മനോജ് കുമാർ, പി. ജയശ്രീ, ടി.എം. ബിന്ദു എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

