ഗതാഗതക്കുരുക്ക്: ബസ് നടുറോഡിലിട്ട്ഡ്രൈവർ ഇറങ്ങിപ്പോയി
text_fieldsപുക്കാട്ടുപടി: ഇടപ്പള്ളി-പുക്കാട്ടുപടി റൂട്ടിൽ മാളേക്കപടി ജങ്ഷനിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് ബസിന്റെ ട്രിപ്പ് മുടങ്ങിയതോടെ ബസ് റോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഇടപ്പള്ളിയിൽനിന്ന് വന്ന സുൽത്താന ബസ് മാളേക്കപ്പടിയിൽ 10 മിനിറ്റിലധികം കുരുക്കിൽ പെട്ടതോടെ ട്രിപ്പ് മുടങ്ങി എന്ന് പറഞ്ഞാണ് യാത്രക്കാരെ വണ്ടിയിലിരുത്തി ഡ്രൈവർ ഇറങ്ങിപ്പോയത്.
റോഡിന്റെ നടുക്ക് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത രൂപത്തിലാണ് ബസ് നിർത്തി ഇട്ടത്. യാത്രക്കാർ ഓരോരുത്തരായി ബസിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാരും പ്രതിഷേധമായെത്തി. ബസ് റോഡിൽ നിർത്തിയതോടെ കോളജ് ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുരുക്കിൽപെട്ടത്. എതിർ ദിശയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാതായതോടെ വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്.
നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ മറ്റൊരു ഡ്രൈവർ എത്തി ബസ് മാറ്റുകയായിരുന്നു ഇതോടെയാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. എടത്തല പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ആരും പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല.

