ഗതാഗത തടസ്സം; പ്രവേശനോത്സവത്തിന് പുറപ്പെട്ട കുട്ടികളും കുടുങ്ങി
text_fieldsതൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡിൽ അടിഞ്ഞ മണ്ണിൽ കാർ ഉറച്ചതിനെത്തുടർന്നുണ്ടായ ഗതാഗത തടസ്സത്തിൽപെട്ട വിദ്യാർഥികൾ
ആറാട്ടുപുഴ: റോഡിൽ മണൽ മൂടിയത് മൂലമുണ്ടായ ഗതാഗത തടസ്സത്തെ തുടർന്ന് പ്രവേശനോത്സവ ദിനത്തിൽ നിരവധി സ്കൂൾ കുട്ടികൾ വഴിയിൽ കുടുങ്ങി. ആറാട്ടുപുഴ എം.ഇ.എസ്. ജങ്ഷന്റെ തെക്കുഭാഗം, കാർത്തിക ജങ്ഷൻ, പടിഞ്ഞാറേ ജുമാ മസ്ജിദിന്റെ വടക്കുഭാഗം എന്നിവിടങ്ങളിൽ രണ്ടടിയോളം ഉയരത്തിൽ കടലാക്രമത്തിൽ മണൽ അടിഞ്ഞതാണ് ഗതാഗത തടസ്സത്തിന് കാരണം.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികൾ, ബസുകളിലും ഇരുചക്ര വാഹനങ്ങളിലും സ്കൂൾ വാഹനങ്ങളിലുമായി മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി. എം.ഇ.എസ് ജങ്ഷന്റെ തെക്കുഭാഗത്ത് ഒരു കാറിന്റെ ചക്രങ്ങൾ മണലിൽ താഴ്ന്നതോടെ ഗതാഗതം പൂർണമായും സ്തംഭിച്ചതാണ് കാരണം. ഇതോടെ സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ തന്നെ കുട്ടികൾക്ക് സമയത്ത് ക്ലാസുകളിൽ എത്താനായില്ല.
ദൂരസ്ഥലങ്ങളിൽ നിന്നും വന്ന അധ്യാപകരും വഴിയിൽ കുടുങ്ങി. ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് പോയ രോഗികളും ഈ തടസ്സം മൂലം ദുരിതം അനുഭവിച്ചു. റോഡിൽ മണൽ അടിഞ്ഞതിനെ തുടർന്ന് തോട്ടപ്പള്ളി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസ്സുകൾ പത്തിശേരി ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കുകയാണ്.അധികാരികൾ പ്രശ്നപരിഹാരത്തിന് യാതൊരു ശ്രമവും നടത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

