കെ.ആർ. ഗൗരിയമ്മയില്ലാത്ത ആദ്യ പിറന്നാൾ ദിനം ഇന്ന്
text_fieldsകെ.ആർ. ഗൗരിയമ്മ
ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയില്ലാത്ത ആദ്യപിറന്നാൾ ദിനം ഞായറാഴ്ച. േമയ് 11നാണ് 102ാം വയസ്സിൽ അവർ അന്തരിച്ചത്. ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ.എ. രാമൻ-പാർവതിയമ്മ ദമ്പതികളുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. എന്നാൽ, മലയാള വർഷം കണക്കാക്കി മിഥുനത്തിലെ തിരുവാതിര നക്ഷത്രമാണ് എല്ലാവർഷവും ജന്മദിനമായി ആചരിച്ചിരുന്നത്.
ഗൗരിയമ്മയുടെ മരണശേഷമുള്ള 103ാം ജന്മദിനമായ ഞായറാഴ്ച രണ്ട് ജെ.എസ്.എസ് വിഭാഗങ്ങളും ആചരിക്കുന്നുണ്ട്.
ഗൗരിയമ്മയുടെ സഹോദരപുത്രി ഡോ. പി.സി. ബീനാകുമാരിയും പിന്നാക്കവികസന കോർപറേഷൻ മുൻ ചെയർമാൻ സംഗീത് ചക്രപാണിയും ഭാരവാഹികളായ വിഭാഗം രാവിലെ 10.30ന് ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടെ വസതിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കും. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ടി.കെ. സുരേഷ് പ്രസിഡൻറായ ജെ.എസ്.എസ് വിഭാഗം ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയാണ് ജന്മദിനം ആഘോഷിക്കുന്നത്. ഇതിനുപുറമെ നാടൊട്ടുക്ക് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുമെന്നും സുരേഷ് പറഞ്ഞു.