ഡിസ്കസിൽ നാലാംതവണയും ടിറ്റി കിരൺ; പിതാവ് പരിശീലകൾ
text_fieldsചേർത്തല: പിതാവ് പരിശീലകനായപ്പോൾ ഡിസ്കസ്ത്രോയിൽ മകന് തുടർച്ചയായ നാലാംതവണയും സ്വർണം. ആലപ്പുഴ ലീയോതേർട്ടീന്ത് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ടിറ്റി കിരൺ കലവൂരിലെ മൈതാനത്ത് സിസ്കസ് കൈയിലെടുത്തപ്പോൾ അത് വീണ്ടും വിജയംകിട്ടുമെന്ന് ഉറപ്പായിരുന്നു. അച്ഛന്റെ ശിക്ഷണത്തിൽ പയറ്റിത്തെളിഞ്ഞതോടെ കിട്ടിയ വിജയം ഇരുവരുടെയും അധ്വാനത്തിന്റെ ഫലംകൂടിയാണ്. സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ടിറ്റി കിരൺ നേടിയ നേട്ടത്തിന് ഇരട്ടിമധുരമുണ്ട്. ഡിസ്കസ് ത്രോ, ഹാമർ ത്രോ ഇനങ്ങളുടെ പരിശീലകനായ അച്ഛൻ കിരൺ ഏബ്രഹാമിന്റെ ശിക്ഷണത്തിലാണ് മകന്റെ കായികവളർച്ച. ജില്ല കായികമേളയിൽ കഴിഞ്ഞ മൂന്നുവർഷവും ഡിസ്കസ് ത്രോയിൽ ഒന്നാമതെത്തിയ ടിറ്റി ഇത്തവണയും ആ മികവ് ആവർത്തിച്ചു.
2024-ൽ സംസ്ഥാനതലത്തിൽ സ്വർണവും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഹാമർ ത്രോയിലും ഒന്നാംസ്ഥാനം സ്വന്തമാക്കി. കായികമേളയിൽ പങ്കെടുക്കുന്ന ഒട്ടേറെ താരങ്ങൾക്ക് പരിശീലനം നൽകുന്നുണ്ട് കിരൺ. മറ്റുള്ളവരെ വിജയത്തിലേക്ക് നയിക്കുന്നതിനൊപ്പം സ്വന്തം മകന്റെ പ്രകടനവും മെച്ചപ്പെടുത്താൻ ഒപ്പം നിൽക്കുന്നു. ആലപ്പുഴ തിരുവമ്പാടി പുത്തൻപുരയിൽ സാജിയാണ് മാതാവ്. ടിറ്റിയുടെ ഇരട്ടസഹോദരി ടിനിയും കായികതാരമാണ്. ബിരുദവിദ്യാർഥിയായ നിയ സഹോദരിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

