വൃക്കകൾ തകരാറിലായ യുവാവിന്റെ ചികിത്സക്ക് നാടൊരുമിക്കുന്നു
text_fieldsശ്യാം രാജ്
തുറവൂർ: ഇരുവൃക്കയും തകരാറിലായ നിർധന യുവാവിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് 10ാം വാർഡ് തുറവൂർ വടക്ക് വാരണംചിറയിൽ ശ്യാം രാജാണ് (32) വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമേ ഇനി വഴിയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും ഒരു വയസ്സുള്ള പെൺകുഞ്ഞും വയോധികരും രോഗികളായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ശ്യാംരാജിന്റെ തണലിലായിരുന്നു. എറണാകുളത്തെ കേബിൾ നെറ്റ്വർക്ക് കമ്പനിയിലെ ജീവനക്കാരനായ ശ്യാം രാജിന് അസുഖത്തെ തുടർന്ന് ജോലിക്ക് പോകാനും കഴിയുന്നില്ല.
വൃക്ക മാറ്റിവെക്കാൻ 30 ലക്ഷത്തിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കണ്ടെത്താൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ യോഗം ചേർന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വത്സല ചെയർപേഴ്സനും ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി. കൃഷ്ണകുമാർ ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപവത്കരിച്ചു. ഫണ്ട് സമാഹരണത്തിനായി ഞായറാഴ്ച സന്നദ്ധ പ്രവർത്തകർ ജനങ്ങളെ സമീപിക്കും. കൂടാതെ ചെയർപേഴ്സൻ, ജനറൽ കൺവീനർ എന്നിവരുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തുറവൂർ ശാഖയിൽ തുറന്ന അക്കൗണ്ടിൽ സുമനസ്സുകൾക്ക് സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ: 0768053000008250, IFSC: SIBL0000768. ഗൂഗ്ൾ പേ നമ്പർ: 7012911956.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.