നീർപക്ഷികളുടെ കണക്കെടുപ്പ്; ജില്ലയിൽ എരണ്ടകളുടെ എണ്ണത്തിൽ വർധന
text_fieldsനീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് പള്ളാത്തുരുത്തിയിൽ ഉദ്ഘാടനം ചെയ്യുന്നു
തുറവൂർ: ജില്ലയിൽ എരണ്ടകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി നീർപക്ഷികളുടെ വാർഷിക കണക്കെടുപ്പ് റിപ്പോർട്ട്. 5,000 വരി എരണ്ടകളെയും 2,518 വാലൻ എരണ്ടകളെയുമാണ് ഇത്തവണ കണ്ടെത്തിയത്. 2025 ൽ നടന്ന കണക്കെടുപ്പിൽ ഇവയിൽ ഒന്നിനെപ്പോലും കണ്ടെത്തിയിരുന്നില്ല. കൂടാതെ 4,327 ചൂളൻ എരണ്ടകളെയും 1,232 പച്ച എരണ്ടകളെയും 1,087 നീലക്കോഴികളെയും കണ്ടെത്തി. കാക്ക മീൻകൊത്തിയുടെ എണ്ണം ഓരോ വർഷം ചെല്ലുന്തോറും കുറഞ്ഞുവരികയുമാണ്.
നിലവിൽ കേവലം 13 എണ്ണത്തെ മാത്രമാണ് കണ്ടെത്താനായത്. കഴിഞ്ഞ വർഷം 27 എണ്ണത്തെ കണ്ടെത്തിയിരുന്നു. 115 ഇനങ്ങളിലായി ആകെ 36,051 പക്ഷികളെ എണ്ണിത്തിട്ടപ്പെടുത്തി. വനം വന്യജീവി വകുപ്പും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രിയും ജില്ലയിലെ പക്ഷി നീരിക്ഷകരുടെ കൂട്ടായ്മയായ ബേർഡേഴ്സ് എഴുപുന്നയും സംയുക്തമായാണ് കണക്കെടുപ്പ് സംഘടിപ്പിച്ചത്.
ആലപ്പുഴ ടൗൺ മുതൽ അരൂർ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട 12 തണ്ണീർതടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ് പള്ളാത്തുരുത്തി ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സുമി ജോസഫ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എസ്. സേവ്യർ, പക്ഷി നിരീക്ഷകരായ സിജി എസ്. കുര്യാക്കോസ്, സുധീഷ് മോഹൻ, ടി.ആർ. രാജേന്ദ്രൻ, എസ്. അരുൺ ലാൽ, അഖിൽ അശോക് എന്നിവർ വിവിധ മേഖലകളിൽ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

