മൂന്നുവർഷം, രണ്ട് പ്രളയം; ഒലിപ്പുഴ സാജിറക്ക് തിരിച്ചുനൽകിയത് രണ്ടര പവൻ
text_fieldsസാജിറക്ക് തിരിച്ചുകിട്ടിയ രണ്ടര പവൻ സ്വർണമാല
തുവ്വൂർ: മൂന്നുവർഷം, ഇതിനിടെ കടന്നുപോയത് രണ്ടുപ്രളയം... എന്നിട്ടും ഒലിപ്പുഴ സാജിറക്ക് തിരിച്ചുനൽകിയത് രണ്ടര പവൻ സ്വർണമാല. മാതോത്തിലെ പുക്കുന്നൻ അഹമ്മദ് നിസാറിെൻറ ഭാര്യ സാജിറക്കാണ് ഒലിപ്പുഴ ഒരു കുത്തൊഴുക്കിനും വിട്ടുകൊടുക്കാതെ മാല തിരികെ നൽകിയത്.
ശനിയാഴ്ച രാവിലെ കുളിക്കാനെത്തിയ മാതോത്തിലെ പരപ്പനിയിൽ വേലായുധനാണ് മാല ലഭിച്ചത്. വേലായുധൻ വിവരം നാട്ടുകാരെ അറിയിച്ചതിനെ തുടർന്നാണ് ഉടമസ്ഥയെ കണ്ടെത്താനായത്. ഒലിപ്പുഴയിൽ കുളിക്കുന്നതിനിടെയാണ് മൂന്നുവർഷം മുമ്പ് ആഭരണം നഷ്ടപ്പെട്ടത്.
അന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നഷ്ടപ്പെട്ട് രണ്ട് ദിവസത്തിനകം പ്രളയം കാരണം പിന്നീട് പരിശോധിക്കാനേ സാധിച്ചില്ല. മറ്റൊരു പ്രളയംകൂടി കടന്നുപോയെങ്കിലും സ്വർണാഭരണം തിരികെ കിട്ടിയ സന്തോഷത്തിലാണ് സാജിറയും കുടുംബവും.

