ചെല്ലാനം -ചേരുങ്കൽ പാലത്തിന് ബജറ്റിൽ ഇത്തവണയും വകയില്ല
text_fieldsചേരുങ്കൽ -ചെല്ലാനം ഫെറിയിലെ കടത്തുവെള്ളം യാത്രക്കാരെ കാത്തുകിടക്കുന്നു
തുറവൂർ: ആലപ്പുഴ, എറണാകുളം ജില്ലകളെ തീരദേശവുമായി ബന്ധിപ്പിക്കുന്ന ചെല്ലാനം -ചേരുങ്കൽ പാലം നിർമിക്കണമെന്ന അരനൂറ്റാണ്ട് പഴക്കമുള്ള ആവശ്യത്തിന് ഇത്തവണയും ശാപമോക്ഷമായില്ല. തീരവാസികൾക്ക് തുറവൂർ ദേശീയപാതയിലേക്കും മത്സ്യക്കച്ചവടക്കാർക്ക് ചെല്ലാനം ഹാർബറിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും.
ഇരുകരകളിലും റോഡുകൾ നിർമിച്ച് വർഷങ്ങളായിട്ടും പാലം നിർമിക്കാൻ മാത്രം അധികൃതർക്കു കഴിഞ്ഞിട്ടില്ല. എറണാകുളം ജില്ലയിലെ ചെല്ലാനം പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ കോടംതുരുത്ത് പഞ്ചായത്തിനെയും ബന്ധിപ്പിക്കാൻ 50 മീറ്റർ നീളത്തിലുള്ള പാലമാണ് വേണ്ടത്. പാലം നിർമാണം സർക്കാർ പരിഗണിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നാളിതു വരെയായി പ്രാരംഭ നടപടികൾ പോലും നടന്നിട്ടില്ല. നിവേദനങ്ങളും സമരങ്ങളും മുറക്ക് നടക്കുന്നുണ്ട്. രണ്ടു മണ്ഡലത്തിലെയും എം.എൽ.എമാർ നിവേദനങ്ങൾ വാങ്ങുന്നുമുണ്ട്. അരൂർ നിയോജക മണ്ഡലത്തിലെ എം.എൽ.എ ദലീമയും കൊച്ചിയിലെ മാക്സി എം.എൽ.എയും പലതവണ ചർച്ച നടത്തിയിരുന്നു. ഫലമുണ്ടായില്ല. മാത്രമല്ല കഴിഞ്ഞ ബഡ്ജറ്റിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ട തുക പോലും മാറ്റിവെച്ചില്ല.
തീരദേശവാസികൾക്ക് കായൽ കടക്കാൻ വർഷങ്ങളായി ഇവിടെ ഒരു കടത്തുവള്ളമാണുള്ളത്. വിദ്യാർഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന കടത്തുവള്ളയാത്ര മഴക്കലത്ത് ദുഷ്കരമാണ്. ദേശാടന പക്ഷികളുടെ പറുദീസയായ ചങ്ങരം പാടശേഖരത്തിന്റെ നടുവിലൂടെ പോകുന്ന റോഡ് എത്തിനിൽക്കുന്നത് ചേരുങ്കൽ -ചെല്ലാനം ഫെറിയിലാണ്. പാലം വരുന്നതോടെ പക്ഷികളെ നിരീക്ഷിക്കാൻ സഞ്ചാരികൾ ഏറെപേർ എത്തും. പാലം നിർമിക്കുമ്പോൾ വിനോദസഞ്ചാര സാധ്യതകൂടി കണക്കിലെടുക്കണമെന്ന് പക്ഷി സ്നേഹികൾക്ക് അഭിപ്രായമുണ്ട്. എല്ലായിടത്തും പണിയുന്നതുപോലെ കോൺക്രീറ്റ് പാലം മാത്രമാകരുത്. മറിച്ച് പ്രകൃതിയുമായി ഇണങ്ങുന്ന തരത്തിൽ കമനീയമാകണം എന്നാണ് പ്രകൃതി സ്നേഹികൾ ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

