ചളിവെള്ളത്തിൽനിന്ന് രക്ഷ; സ്വന്തം ചെലവിൽ നടപ്പാതയൊരുക്കി നാട്ടുകാർ
text_fieldsനടപ്പാതയിൽ ചളി നിറഞ്ഞുകിടക്കുന്നു 2. നാട്ടുകാർ സ്വന്തം
പണംമുടക്കി നിർമിച്ച അറയ്ക്കൽ പ്രദേശത്തേക്കുള്ള നടപ്പാത
തുറവൂർ: വെള്ളത്തിൽ നീന്തിയും ചളിയിൽ ചവിട്ടിയും നടന്നവർ ഒടുവിൽ സ്വന്തം ചെലവിൽ നടപ്പാതയൊരുക്കി. നടപ്പാത നന്നാക്കാൻ അധികൃതരുടെ ഇടപെടലിനായി കാത്തിരുന്ന് മടുത്തവർ ഒടുവിൽ കൈകോർക്കുകയായിരുന്നു. അറയ്ക്കൽ പ്രദേശത്തുകാർക്കിനി ചളിചവിട്ടാതെ വീട്ടിലെത്താം.
പഞ്ചായത്ത് അംഗവും നാട്ടുകാരും സ്വരൂപിച്ച പണമുപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ എത്തിച്ച് ജനങ്ങൾ ശ്രമദാനമായി നടപ്പാത നന്നാക്കിയത്. പള്ളിത്തോട് പുന്നയ്ക്കൽ ബസ് സ്റ്റോപ്പിൽനിന്ന് അറയ്ക്കൽ പ്രദേശത്തേക്കുള്ള നടപ്പാതയാണ് ചളിയും വെള്ളവും നിറഞ്ഞ് യാത്രായോഗ്യമല്ലാതായിരുന്നത്. തുറവൂർ പഞ്ചായത്ത് 17, 18 വാർഡുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലത്തെ 700 മീറ്റർ നടവഴിയാണ് കാലുകുത്താൻ കഴിയാത്തവിധം മോശമായിരുന്നത്. ഇവിടെ റോഡ് പണിയാനായി വർഷങ്ങൾക്കുമുമ്പേ ജനങ്ങൾ മുന്നിട്ടിറങ്ങിയതാണ്.
ഭൂ ഉടമകളായ 11പേരുടെ സമ്മതപത്രവും ഒപ്പിട്ടുവാങ്ങി. രേഖകൾ സമർപ്പിക്കാൻ ചെന്നപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മൂന്നുപേരുടെ ഉടമസ്ഥതയിലുള്ള ഭൂമി നിലമാണെന്നാണ് രേഖകളിലുള്ളത്. നിലംനികത്തി റോഡ് പണിയാൻ നിയമ തടസ്സമുണ്ടെന് അധികൃതർ പറഞ്ഞതോടെ പ്രദേശവാസികൾ നിരാശരായി. ഉറപ്പുള്ള ഒരു നടപ്പാതയെങ്കിലും നിർമിച്ചുതരണമെന്ന അപേക്ഷയും പാഴായി. തുടർന്നാണ് നടപ്പാത നിർമിക്കാൻ നാട്ടുകാർ മുന്നിട്ടിറങ്ങിയത്.