ദേശീയ പാത വികസനം: പട്ടണക്കാട് സ്കൂൾ കെട്ടിടം പൊളിക്കാൻ യന്ത്രങ്ങളെത്തിച്ചു
text_fieldsപട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂൾ കെട്ടിടം
തുറവൂർ: ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് സെന്റ് ജോസഫ്സ് സ്കൂൾ കെട്ടിടം പൊളിച്ചുനീക്കാൻ യന്ത്രങ്ങൾ എത്തിച്ചു. നിലവിലെ പാതയോടു ചേർന്നുള്ള 100 മീറ്റർ നീളവും 60,000 ചതുരശ്ര അടിയുമുള്ള കെട്ടിടമാണ് പൊളിക്കുന്നത്.
മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനമാണ് പൊളിക്കാൻ കരാർ ഏറ്റെടുത്തിരിക്കുന്നത്. പൂർണമായും പൊളിച്ചുനീക്കാൻ ഒരുമാസത്തിലധികം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.രണ്ടുവരി പാതയിലെ ഗതാഗതം തടസ്സപ്പെടുത്തിയാണ് യന്ത്രങ്ങൾ കെട്ടിടത്തിനു മുകളിൽ കയറ്റിയത്.
യന്ത്രങ്ങൾ കയറ്റിയശേഷം ക്രെയിൻ തകരാറിലായതോടെ ഗതാഗത കുരുക്കിനും കാരണമായി. ഹൈഡ്രോളിക് സംവിധാനം പ്രവർത്തിക്കുന്ന ഓയിൽ ചോർന്നൊലിച്ചതാണ് തകരാറിന് കാരണം. ചോർച്ച പരിഹരിച്ച് ക്രെയിൻ താഴ്ത്തി തിരികെ കൊണ്ടുപോകാൻ രാത്രി വൈകിയും അറ്റകുറ്റപ്പണി നടക്കുകയാണ്.

