കാപ്പ ലംഘനം: യുവാവ് റിമാൻഡിൽ
text_fieldsഗോഡ്സൺ
തുറവൂർ: കാപ്പ പ്രകാരം ജില്ലയിൽനിന്ന് പുറത്താക്കിയ യുവാവിനെ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്തു. കുത്തിയതോട്, അരൂർ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോഡ്സണെയാണ് (25) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ കൊടിയനാട്ട് വീട്ടിൽ ഗോഡ്സണെയും സഹോദരൻ ഗോഡ്വിനെയും (23) ഒരുമാസം മുമ്പ് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. ഇത് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്തിയെന്ന് രഹസ്യവിവരം ലഭിച്ചതിെൻറയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
സർക്കിൾ ഇൻസ്പെക്ടർ കെ.എൻ. മനോജ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ ശ്രീജിത്ത്, ശ്രീനിമോൻ, വിജേഷ്, രതീഷ്, അമൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

