കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ തെരുവിലിറങ്ങി വീട്ടമ്മമാർ
text_fieldsകുടിവെള്ളം കിട്ടാതായതോടെ പള്ളിത്തോട്ടിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വീട്ടമ്മമാർ
തുറവൂർ: തുറവൂർ കുത്തിയതോട് പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ ജപ്പാൻ കുടിവെള്ളം മുടങ്ങിയിട്ട് പത്തുദിനം.
ഇതോടെ പ്രതിഷേധവുമായി വീട്ടമ്മമാർ റോഡിലിറങ്ങി. കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് പള്ളിത്തോട് ഹേലാപുരം പാലത്തിന് സമീപം കാലിക്കുടങ്ങളുമായി വീട്ടമ്മമാരുടെ നേതൃത്വത്തിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
വൈകീട്ടോടെ അറ്റകുറ്റപ്പണി നടത്തി പമ്പിങ് ആരംഭിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്.
ശനിയാഴ്ചയാണ് പ്രതിഷേധ സമരം നടത്തിയത്. മുന്നറിയിപ്പുകൾ ഒന്നും നൽകാതെയാണ് അറ്റകുറ്റപ്പണിയുടെ പേരിൽ 10 ദിവസത്തോളം ശുദ്ധജല വിതരണം മുടങ്ങിയതായി നാട്ടുകാർ പറയുന്നത്. പുതിയതായി പൈപ്പുകൾ സ്ഥാപിച്ച് കണക്ഷനുകൾ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പമ്പിങ് നിർത്തിയതെന്ന് അധികൃതർ പറഞ്ഞു.
പള്ളിത്തോട് ചാപ്പക്കടവ് മേഖലയിൽ കൃത്യമായി ജപ്പാൻ ശുദ്ധജലം എത്തിയിട്ട് മാസങ്ങളായി എന്നാണ് നാട്ടുകാർ പറയുന്നത്. ഇടക്കിടക്ക് ലഭിക്കുന്ന മഴവെള്ളത്തെ ആശ്രയിച്ചാണ് ഇപ്പോൾ ജനങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്.