തുറവൂർ-അരൂർ ഉയരപ്പാത നിർമാണം; ഉദ്യോഗസ്ഥസംഘം എത്തി
text_fieldsഉയരപ്പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഉന്നത ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നു
തുറവൂർ: തുറവൂർ-അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും പരിഹാരമാർഗങ്ങളും പരിശോധിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥസംഘം ദേശീയപാതയിൽ നിരീക്ഷണം നടത്തി.
മോട്ടോർ വാഹന വകുപ്പും പൊലീസും ദേശീയപാതയിൽ നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, പരിഹാരങ്ങൾ എന്നിവയിൽ ചിലത് നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സന്തോഷ്, ഡെപ്യൂട്ടി കലക്ടർ പ്രേംജി എന്നിവരുടെ നേതൃത്വത്തിൽ, മോട്ടോർ വാഹന വകുപ്പ് പൊലീസ് ഇലക്ട്രിസിറ്റി ബോർഡ്, പി.ഡബ്ല്യു.ഡി, റവന്യൂ എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്തസംഘമാണ് എത്തിയത്.
തുറവൂർ - അരൂർ ഉയരപാത നിർമാണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണ് നടക്കുന്നത്. തൂണുകളുടെ നിർമാണമാണ് തുടങ്ങിയത്. ഉയരങ്ങളിലേക്ക് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഉയരമുള്ള വാഹനങ്ങളുടെ ഗതാഗതം എങ്ങനെ സുഗമമാക്കാം എന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു. വാഹനങ്ങൾ ദേശീയപാതയിൽ ഇരുവശങ്ങളിലും യാത്രചെയ്യുന്നതിന് അഞ്ചര മീറ്റർ വീതം സ്ഥലമാണ് ഇപ്പോൾ അനുവദിക്കപ്പെട്ടിരിക്കുന്നത്. ആ സ്ഥലത്തിൽ കൂടുതൽ റോഡ് ഗതാഗതത്തിന് അനുവദിക്കേണ്ടതുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അരൂക്കുറ്റി വഴി വടക്കുനിന്നുള്ള വാഹനങ്ങൾ ചേർത്തലയിലേക്കും തുറവൂരിലേക്കും തിരിച്ചുവിടുവാൻ ആദ്യം ആലോചന നടത്തിയിരുന്നു. തെക്കുനിന്നുള്ള വാഹനങ്ങൾ കുമ്പളങ്ങി റോഡ് വഴി പടിഞ്ഞാറോട്ടും തിരിച്ചുവിടുവാൻ ആലോചിച്ചിരുന്നു. ഇക്കാര്യം ഇനിയും പരിശോധിക്കാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.