തുറവൂർ -അരൂർ ഉയരപ്പാത നിർമാണം; സമാന്തര ഗതാഗതം അനിശ്ചിതത്വത്തിൽ
text_fieldsതുറവൂർ- അരൂർ ഉയരപ്പാത നിർമാണത്തിന് എത്തിച്ച കൂറ്റൻ ക്രെയിൻ
തുറവൂർ: തുറവൂർ- അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതം തിരിച്ചുവിടാനുള്ള നടപടി അനിശ്ചിതത്വത്തിൽ. ഓണത്തിന് മുമ്പ് മോട്ടോർ വാഹന വകുപ്പും പൊലീസും സമാന്തര പാതകൾ വഴി വാഹനങ്ങൾ തിരിച്ചുവിടാനുള്ള പരീക്ഷണം നടത്തിയിരുന്നു.
ഇതിന്റെ റിപ്പോർട്ട് ജില്ല കലക്ടർക്ക് കൈമാറിയിട്ടില്ലെന്നറിയുന്നു. അടിയന്തരഘട്ടത്തിൽ മാത്രം വാഹനങ്ങൾ തിരിച്ചുവിടാമെന്ന ധാരണയിലാണ് മോട്ടോർ വാഹന വകുപ്പും പൊലീസും.
ദേശീയപാത വഴി അരൂർ മുതൽ തുറവൂർ വരെ 20 -25 മിനിറ്റ് ഗതാഗതത്തിന് എടുക്കുമെങ്കിൽ അരൂക്കുറ്റി -തൈക്കാട്ടുശ്ശേരി വഴി തുറവൂരിൽ എത്താൻ 45 മിനിറ്റിലധികം വേണം. കൂടാതെ സമാന്തര റോഡുകളിൽ അനധികൃത പാർക്കിങ്, വഴിയോരക്കച്ചടങ്ങളും അധികമുണ്ട്.
സമാന്തര റോഡിലൂടെ തുറവൂർ -ചാവടി -എഴുപുന്ന റൂട്ടിലും സമാന പ്രശ്നങ്ങളാണുള്ളത്. ഇവിടെ ഗതാഗത തടസ്സത്തിന് റെയി വേ ഗേറ്റുകളുമുണ്ട്.
തുറവൂർ -അരൂർ ദേശീയപാതയിൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങളും ഗതാഗതസ്തംഭനവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സമാന്തര പാതയിലൂടെ ഗതാഗതം തിരിച്ചുവിട്ട് അപകടങ്ങൾ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. എന്നാൽ, അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ പരീക്ഷണ ഗതാഗതങ്ങൾ നല്ല ഫലമല്ല നൽകിയത്. അതുകൊണ്ട് ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് മാത്രം ഹൈവേയിൽനിന്ന് ഗതാഗതം തിരിച്ചുവിടാം എന്ന ധാരണയിലാണ് അധികൃതർ. ഉയരപ്പാത നിർമാണം പുരോഗമിക്കുന്ന സമയത്ത് ഗതാഗത തടസ്സം ഉണ്ടാക്കുംവിധം കൂറ്റൻ െക്രയിനുകൾ അടക്കം ഉപയോഗിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ മാത്രം ഗതാഗതം തിരിച്ചുവിടാം എന്ന ധാരണയിൽ അധികൃതർ എത്തിയിട്ടുണ്ട്.