തീരദേശ റെയിൽവേ ഇരട്ടിപ്പിക്കൽ ദ്രുതഗതിയിൽ
text_fieldsതുറവൂർ: തീരദേശ റെയിൽ പാതയിലെ എറണാകുളം-തുറവൂർ ഭാഗത്തെ പാത ഇരട്ടിപ്പിക്കൽ ജോലികൾ വേഗത്തിലാക്കി. പണി പൂർത്തിയാക്കാനുള്ള സമയപരിധി 2027 ഫെബ്രുവരിയായി പുനഃക്രമീകരിച്ചു.
23 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാതയുടെ പണി രണ്ട് ഭാഗങ്ങളിലായാണ് നടക്കുന്നത്. 7.71 കിലോമീറ്റർ എറണാകുളം-കുമ്പളം സെക്ഷനും 15.59 കിലോമീറ്റർ തുറവൂർ-കുമ്പളം സെക്ഷനും.
രണ്ട് റീച്ചുകളിലുമായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുടെ 80 ശതമാനവും പൂർത്തിയായി. ട്രാക്ക് സ്ഥാപിക്കൽ ഒഴികെയുള്ള എല്ലാ പ്രധാന കരാറുകളും നൽകിയിട്ടുണ്ട്. പണികൾ പൂർത്തിയാക്കാൻ രണ്ട് വർഷം കൂടി എടുക്കുമെങ്കിലും പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് എറണാകുളത്തെ റെയിൽവേ നിർമാണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
കായംകുളം-ആലപ്പുഴ-എറണാകുളം സെക്ഷനിൽ ആകെയുള്ള 102 കിലോമീറ്റർ വിഭാഗത്തിൽ, 33 കിലോമീറ്റർ കായംകുളം-അമ്പലപ്പുഴ സ്ട്രെച്ചിൽ മാത്രമേ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടുള്ളൂ. ഇപ്പോൾ എറണാകുളം - തുറവൂർ ഭാഗത്താണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൂന്ന് പാലങ്ങൾ ഉൾപ്പെടെയുള്ള ഭാഗത്തിന്റെ പണികൾ വേഗത്തിലായിട്ടുണ്ട്.
സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലമായ 854.5 മീറ്റർ നീളമുള്ള അരൂർ-കുമ്പളം റെയിൽവേ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. കൊൽക്കത്ത ആസ്ഥാനമായുള്ള റോയൽ ഇൻഫ്രയാണ് അരൂർ-കുമ്പളം പാലത്തിന്റെ (ഇ.എ.കെ 31) പണികൾ നടത്തുന്നത്. കോന്തുരുത്തി-നെട്ടൂർ (ഇ.എ.കെ 10; 152.5 മീറ്റർ), നെട്ടൂർ-കുമ്പളം (ഇ.എ.കെ 17; 158.6 മീറ്റർ) പാലങ്ങളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

