ഉയരപ്പാത നിർമാണം: ഇരുഭാഗത്തെയും സർവിസ് റോഡുകളുടെ വീതികൂട്ടും –ദേശീയപാത അധികൃതർ
text_fieldsതുറവൂർ: ഉയരപ്പാത നിർമാണ സ്ഥലത്തെ യാത്രക്കുരുക്കിന് പരിഹാരം കാണാൻ ഇരുഭാഗത്തെയും സർവിസ് റോഡുകൾ മെറ്റലിങ് നടത്തി വീതികൂട്ടി ടാർചെയ്യുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. മഴ മാറിയാൽ മാത്രമേ പണികൾ ആരംഭിക്കാനാകൂവെന്നും അവർ വ്യക്തമാക്കി. അരൂർ - തുറവൂർ ഉയരപ്പാത നിർമാണസ്ഥലത്ത് വാഹന യാത്രികരും, വഴിയാത്രക്കാരും അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോടംതുരുത്ത് പഞ്ചായത്ത് പരിധിയിലെ ദേശീയപാതയാണ് സന്ദർശിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് വി.ജി. ജയകുമാർ, സ്ഥിരംസമിതി അംഗം ഷൈലജൻ കാട്ടിത്തറ, ദേശീയപാത പ്രോജക്ട് മാനേജർ വേണുഗോപാൽ, മറ്റു ഉദ്യോഗസ്ഥർ എന്നിവരാണ് സന്ദർശിച്ചത്. കോടംതുരുത്ത് പഞ്ചായത്ത് പരിധിയിൽ അപകടക്കെണികളായ ഒട്ടേറെ സ്ഥലങ്ങൾ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തു.
എഴുപുന്ന, അരൂർ, കുത്തിയതോട് എന്നീ പഞ്ചായത്തുകളുടെ പരിധികളും ഉദ്യോഗസ്ഥർ സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ സർവിസ് റോഡുകൾ ചളിക്കുളമായി. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെട്ടു. ഇക്കാര്യങ്ങൾ ജനപ്രതിനിധികൾ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു.
അരൂർ ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് വിവിധ സംഘടനകൾ ഉയരപ്പാത നിർമാണ കമ്പനി ഉദ്യോഗസ്ഥർ, ദേശീയപാത അധികൃതർ എന്നിവർക്ക് നിവേദനം നൽകിയിരുന്നു.