തൃപ്പെരുന്തുറ പഞ്ചായത്ത്: ബി.ജെ.പി പ്രസിഡന്‍റിനെതിരെ അവിശ്വാസവുമായി സി.പി.എം
text_fieldsമാന്നാർ: ബി.ജെ.പി ഭരിക്കുന്ന ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ സി.പി.എം അവിശ്വാസത്തിന് നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ അവിശ്വാസം ചർച്ചക്കെടുക്കും.
18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ മൂന്ന് മുന്നണികൾക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളെ ഉണ്ടായിരുന്നുള്ളു. കോൺഗ്രസ് വിമതഅംഗം പിന്നീട് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന് എൽ.ഡി.എഫിൽ എത്തിയതോടെയാണ് മൂന്ന് മുന്നണികളും തുല്യശക്തികളായത്.
സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ രണ്ടുതവണ കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്‍റായി. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് പട്ടികജാതി വനിത അംഗം ഉള്ളത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്. 2021 ഏപ്രിൽ 20ന് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയിലെ ബിന്ദു പ്രദീപ് വിജയിച്ചത്. ഇവർക്കെതിരെയാണ് അവിശ്വാസ നോട്ടീസ് നൽകിയിട്ടുള്ളത്. തുടക്കം മുതൽ കോൺഗ്രസിലെ രവികുമാർ കോമന്‍റേത്താണ് വൈസ് പ്രസിഡന്‍റ്. രവികുമാറിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിക്കെതിരായ പ്രമേയത്തിൽ ഇരുമുന്നണികളും അവിശ്വാസത്തെ അനുകൂലിക്കാനാണ് സാധ്യത.