കലക്ടറേറ്റ് വളപ്പിൽ മരം വീണ് മൂന്ന് വാഹനം തകർന്നു
text_fieldsആലപ്പുഴ: കാറ്റിൽ കലക്ടറേറ്റ് വളപ്പിലെ മരങ്ങൾ കടപുഴകി മൂന്ന് വാഹനം തകർന്നു. പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
ചേർത്തല നഗരസഭയുടെ ജീപ്പ്, സ്വകാര്യ വ്യക്തികളുടെ കാറുകൾ എന്നിവയാണ് തകർന്നത്. മൂന്നു വാഹനങ്ങൾക്കും വലിയ നാശനഷ്ടമാണുണ്ടായത്. ജില്ല പഞ്ചായത്ത് ഓഫിസിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തകർന്നത്.
ആർക്കും പരിക്കില്ല. വാഹനങ്ങളിൽ ഈ സമയം ആരും ഉണ്ടായിരുന്നില്ല. പാഴ്മരങ്ങൾ കാറ്റത്ത് കൂട്ടത്തോടെ നിലംപൊത്തുകയായിരുന്നു. മരങ്ങൾ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിമാറി. അഗ്നിരക്ഷാസേന അധികൃതരെത്തി മരങ്ങൾ മുറിച്ചുനീക്കി.

