കൊമ്മാടിയിൽ കൂട്ടിയിടി; മൂന്ന് വാഹനം തകർന്നു
text_fields1. കൊമ്മാടിയിൽ കൂട്ടിയിടിച്ച വാഹനങ്ങൾ 2. അപകടത്തിൽ തകർന്ന കാർ
ആലപ്പുഴ: ദേശീയപാതയിൽ കൊമ്മാടിയിലുണ്ടായ കൂട്ടിയിടിയിൽ മൂന്ന് വാഹനം തകർന്നു. രണ്ടുപേർക്ക് പരിക്ക്. ഗതാഗതം സ്തംഭിച്ചു. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന കഞ്ഞിക്കുഴി സ്വദേശി ഹരീഷ് (28), മിനി ലോറിയുണ്ടായിരുന്ന തൃക്കുന്നപ്പുഴ സ്വദേശി നൗഫീഖ് (30) എന്നിവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. കാറും പിക്അപ്പും മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ആലപ്പുഴയിൽനിന്ന് ചേർത്തല ഭാഗത്തേക്ക് പോയ കാറാണ് അപടമുണ്ടാക്കിയത്.
നിയന്ത്രണംവിട്ട കാർ ആദ്യം പിക്അപ് വാനിലും പിന്നീട് മിനി ലോറിയിലും ഇടിക്കുകയായിരുന്നു. മിനിലോറിയുടെ ആക്സിലേറ്റർ, പ്ലേറ്റ് എന്നിവ തെന്നിമാറി. കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. മിനിലോറി ചേർത്തല ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കും പിക്കഅപ് ഹരിപ്പാട് ഭാഗത്തേക്കുമാണ് പോയത്. പിക്അപ് ഡ്രൈവർ മുഹമ്മ കായിപ്പുറം സ്വദേശി രാഹുൽ (32), മിനിലോറിയിലുണ്ടായിരുന്ന തൃക്കുന്നപ്പുഴ സ്വദേശികളാണ് ബിലാൽ (32) എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു. നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോജി എൻ. ജോയി, അഗ്നിരക്ഷാസേന ഓഫിസർമാരായ ഷാജൻ കെ. ദാസ്, പി.പി. പ്രശാന്ത് ഡി. മനു, എസ്. കണ്ണൻ എന്നിവർ നേതൃത്വം നൽകി.

